നിപ ഭീതിയുടെ സാഹചര്യത്തിലായിരുന്നു വിമാനത്താവളം വഴിയുളള പഴം – പച്ചക്കറി കയറ്റുമതിക്ക് നിയന്ത്രണങ്ങൾ വന്നത്. യുഎഇയിലെ വിമാനത്താവളങ്ങളിലേക്ക് ആയിരുന്നു കർശന നിബന്ധനയുളളത്. നിപ ഫ്രീ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് പച്ചക്കറിയും പഴങ്ങളും അയക്കാൻ സാധിക്കുകയുള്ളൂ. നിപ ഉറവിടമായ കോഴിക്കോടിന് സമീപമുള്ള വിമാനത്താവളം എന്നതിനാലാണ് കരിപ്പൂർ വഴിയുളള കയറ്റുമതിക്ക് നോ നിപ്പ സർട്ടിഫിക്കറ്റിന് കടുംപിടുത്തം.
കോഴിക്കോട് നിപ മുക്തമായി മാസമൊന്ന് കഴിഞ്ഞിട്ടും കരിപ്പൂർ വിമാനത്താവളം വഴിയുളള കയറ്റുമതിക്ക് ആരോഗ്യവകുപ്പ് അനുകൂല നിലപാടെടുക്കുന്നില്ലെന്നാണ് പരാതി. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണമിങ്ങിനെ: നിപ മുക്തമായാലും കോഴിക്കോട്ടെ സ്ഥിതിവിവര റിപ്പോർട്ട് പരിഗണിച്ചുമാത്രമേ സർട്ടിഫിക്കറ്റ് അനുവദിക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറേയും കളക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് കിട്ടുന്ന മുറയ്ക്ക് നിയന്ത്രണം നീങ്ങും.