24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കായികതാരങ്ങൾ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർമാർ : മുഖ്യമന്ത്രി
Kerala

കായികതാരങ്ങൾ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർമാർ : മുഖ്യമന്ത്രി

കേരളത്തിന്റെ യശസ്സ്‌ ആഗോളതലത്തിൽ ഉയർത്തിയ കായികതാരങ്ങൾ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർമാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഷ്യൻ ഗെയിംസ്‌ മെഡൽ ജേതാക്കൾക്കും പങ്കെടുത്ത താരങ്ങൾക്കും സംസ്ഥാന സർക്കാർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഏഴു വർഷത്തിനിടെ 703 കായികതാരങ്ങൾക്ക്‌ സ്‌പോർട്സ് ക്വോട്ട മുഖേന സംസ്ഥാന സർക്കാർ നിയമനംനൽകി. കഴിഞ്ഞ രണ്ടരവർഷംകൊണ്ട് 65 പേർക്ക് നിയമനംനൽകി. 2010–-2014 ഘട്ടത്തിലുള്ള റാങ്ക് ലിസ്റ്റിൽനിന്നാണ് ഈ നിയമനങ്ങൾ. ഇതിനുപുറമെ പൊലീസിൽ സ്‌പോർട്സ് ക്വോട്ടയിൽ 31 പേർക്കും കെഎസ്ഇബിയിൽ 27 പേർക്കും നിയമനംനൽകി. 2015–-2019 കാലയളവിലെ നിയമന നടപടികൾ പുരോഗമിക്കുന്നു. ഈവർഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ.

2010 മുതൽ 2014 വരെയുള്ള നിയമനം മുടങ്ങിക്കിടന്നിരുന്നു. എൽഡിഎഫ് സർക്കാർ വന്നശേഷമാണ് ഇത് പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി 409 പേരടങ്ങുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതിൽ 250 പേർക്കും നിയമനംനൽകി. അതിനുമുമ്പുള്ള അഞ്ചുവർഷം 110 പേർക്കായിരുന്നു നിയമനം. 2015ൽ ദേശീയ ഗെയിസിൽ മെഡൽ നേടിയ 83 കായികതാരങ്ങൾക്ക് നിയമനം നൽകുമെന്ന് അന്നത്തെ സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും നടപ്പായില്ല. ആ കായികതാരങ്ങൾക്ക് സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്ടിച്ച് നിയമനം നൽകിയത് എൽഡിഎഫ്‌ സർക്കാരാണ്. എന്നാൽ, ഇതൊന്നുമല്ല വസ്‌തുതയെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കായികതാരങ്ങൾക്ക് കേരളത്തിന്റെ ആദരം
ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ കേരളത്തിന്റെ കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മെഡൽ ജേതാക്കളെ ആദരിച്ചു.

നാലു സ്വർണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 12 മെഡലുകളാണ് ഏഷ്യൻ ഗെയിംസിൽ മലയാളി താരങ്ങൾ സ്വന്തമാക്കിയത്. മെഡൽജേതാക്കളായ പി ആർ ശ്രീജേഷ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, മിന്നുമണി, എച്ച് എസ് പ്രണോയ്, എം ആർ അർജുൻ, മുഹമ്മദ് അഫ്‌സൽ, മുഹമ്മദ് അജ്മൽ, എം ശ്രീശങ്കർ, ആൻസി സോജൻ, പ്രണോയ്, ജിൻസൺ ജോൺസൺ, പരിശീലകർ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
അനുമോദനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മിന്നുമണിക്കുവേണ്ടി പിതാവ് ആദരം ഏറ്റുവാങ്ങി. ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മുഴുവൻ കായികതാരങ്ങൾക്കും മന്ത്രിമാർ മെമന്റോ സമ്മാനിച്ചു. വി അബ്ദുറഹിമാൻ അധ്യക്ഷനായി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, പി രാജീവ്, ആർ ബിന്ദു, പി എ മുഹമ്മദ് റിയാസ്, കെ കൃഷ്‌ണൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, ജെ ചിഞ്ചുറാണി, മേയർ ആര്യ രാജേന്ദ്രൻ, സ്പോർസ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, എൽഎൻസിപിഇ പ്രിൻസിപ്പൽ ജി കിഷോർ തുടങ്ങിയവർ പങ്കെടുത്തു. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കലം നേടിയവർക്ക് 12.5 ലക്ഷം രൂപയും ക്യാഷ് അവാർഡ് നൽകാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

Related posts

സ്പ​ർ​ശ് പദ്ധതി 13 വ​രെ

Aswathi Kottiyoor

കർണാടകയിൽ പുതിയ കോവിഡ്​ വകഭേദം

Aswathi Kottiyoor

കു​ട്ടി​ക​ളെ ചി​ത്രീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox