തെന്നിന്ത്യൻ താരം വിജയ്‌യുടെ ലിയോചിത്രത്തിന് കേരളക്കരയിൽ വൻ വരവേൽപ്പ്. തിയറ്ററുകൾ പൂരപ്പറമ്പായി. വ്യാഴം പുലർച്ചെ നാലിനായിരുന്നു കേരളത്തിൽ ആദ്യറിലീസ്. തമിഴ്‌നാട്ടിൽ ഫാൻസ് ഷോ ഉണ്ടായിരുന്നില്ല. കോടതി ഉത്തരവുള്ളതിനാൽ രാവിലെ ഒമ്പതിനായിരുന്നു റിലീസ്. തമിഴ്‌നാട്ടിൽനിന്ന് നിരവധിപേർ ചിത്രം കാണാൻ പാലക്കാടെത്തി.
നാലിന് ഫാൻസ് ഷോ തുടങ്ങുന്നതിനും മണിക്കൂറുകൾക്കുമുമ്പേ ആരവങ്ങളുമായി ആരാധകർ തിയറ്ററിന്റെ പരിസരപ്രദേശങ്ങളിൽ നിറഞ്ഞു. തമിഴ്‌നാട്ടിൽനിന്ന് സ്‌ത്രീകളും കുട്ടികളും എത്തി. പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് ബസിലും ട്രാവലറിലുമായാണ് സിനിമ കാണാനെത്തിയത്.
വിജയ്‌യുടെ കൂറ്റൻ ഫ്ലക്‌സ്‌ചിത്രത്തിനുമുന്നിൽ നാളികേരമുടച്ചും പാലഭിഷേകം ചെയ്‌തും വരവേറ്റു. റിലീസിന് മുമ്പേ മുഴുവൻ ടിക്കറ്റും വിറ്റുപോയി. ചിത്രത്തിലെ മാസ് നമ്പറുകൾക്കൊപ്പം പാട്ടും ആരാധകർ ഏറ്റെടുത്തു. മലയാളി യുവതാരം മാത്യു തോമസും ചിത്രത്തിലുണ്ട്.