ഹെലികോപ്‌റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര വകുപ്പിന്റെ ഹെലി ടൂറിസം പദ്ധതി സംസ്ഥാനത്ത് ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി വിവിധ ജില്ലകളിൽ ഹെലിപാഡുകൾ സ്ഥാപിക്കും. പദ്ധതിക്ക് സ്വകാര്യമേഖലയുടെ പങ്കാളിത്തവുമുണ്ടാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ടൂറിസം മേഖലക്ക് ഉണർവേകും. അതുമായി ബന്ധപ്പെടുത്തി ടൂറിസത്തിന്റെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് ചർച്ച ചെയ്യും.
ടൂറിസം കേന്ദ്രങ്ങൾ പരിപാലിക്കുന്നതിൽ വകുപ്പുകളുടെ ഏകോപനം പ്രധാനമാണ്. കോവളത്ത് 93 സമഗ്ര വികസന പദ്ധതി നടപ്പാക്കും. സംസ്ഥാനത്തെ കുടിവെള്ളപദ്ധതിയോട് മുഖം തിരിഞ്ഞു നിൽക്കാൻ കഴിയില്ല. സംസ്ഥാനത്ത് 1200 റോഡുകൾ കുടിവെള്ള പദ്ധതിക്കായി വെട്ടിമുറിക്കാൻ പോവുകയാണ്. ഈ റോഡുകൾ എത്രയും വേഗം നികത്ത് സഞ്ചാരയോഗ്യമാക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. റണ്ണിങ് കോൺട്രാക്ട് വന്നതോടുകൂടി കേരളത്തിലെ റോഡുകളിൽ പരിപാലനത്തിൽ വലിയ മാറ്റം ഉണ്ടായി. കേരളത്തിലെ 30000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 20026 കിലോമീറ്റർ റോഡ് റണ്ണിങ് കോൺട്രാക്ടിന് കീഴിലാണെന്നും മന്ത്രി പറഞ്ഞു.