തൃശൂർ : തമിഴ്നാട്ടിലെ ഷോളയാര്‍ ചുങ്കം എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് സഹോദരങ്ങളുള്‍പ്പടെ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
വൈകിട്ട് നാലരയോടെയാണ് സംഭവം. കോയമ്പത്തൂരിലെ എസ്എന്‍എംവി കോളേജിലെ വിദ്യാര്‍ഥികളും അവരുടെ സുഹൃത്തുക്കളുമടങ്ങുന്ന പത്തംഗ സംഘമാണ് ഷോളയാറിലെ ചുങ്കം എസ്റ്റേറ്റിലെത്തിയത്. എസ്റ്റേറ്റിനുള്ളിലെ പുഴയില്‍ കുഴിക്കാനിറങ്ങിയ സംഘത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ പെട്ടത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പുറത്തെത്തി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെയും മൃതദേഹം പുറത്തെത്തിച്ചത്.
മരിച്ചവരിൽ വിനീതും ധനുഷും സഹോദരങ്ങളാണ്. വിനീത് എംഎസ്സി ബയോടെക് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിയും ധനുഷ് ബിഎസ്സി ബയോടെക് അവസാന വര്‍ഷ വിദ്യാര്‍ഥിയുമാണ്. ധനുഷിന്‍റെ സഹപാഠികളായ അജയ്, നഫീല്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. അവസാനത്തെ ആളായ ശരത് ഇവരുടെ സുഹൃത്താണ്. വാല്‍പ്പാറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.