21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സമാധാനം പുന:സ്ഥാപിക്കാതെ ഇസ്രയേൽ പൊലീസിന്റെ യൂണിഫോം ഓർഡർ സ്വീകരിക്കില്ലെന്ന്‌ കണ്ണൂരിലെ മരിയൻ അപ്പാരൽസ്
Kerala

സമാധാനം പുന:സ്ഥാപിക്കാതെ ഇസ്രയേൽ പൊലീസിന്റെ യൂണിഫോം ഓർഡർ സ്വീകരിക്കില്ലെന്ന്‌ കണ്ണൂരിലെ മരിയൻ അപ്പാരൽസ്

ഇസ്രയേൽ പൊലീസിന് യൂണിഫോം നിർമ്മിച്ചു നൽകിയിരുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാൽ, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടതില്ല എന്ന് മരിയൻ അപ്പാരൽസ് തീരുമാനിച്ചു.

ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള സ്ഥാപനമാണ് മരിയൻ അപ്പാരൽസ്. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു. പൂര്‍ണമായും എക്‌സ്‌പോര്‍ട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.

മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നൽകുന്ന കമ്പനി 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിര്‍മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമും മരിയന്‍ അപ്പാരലിൽ ഉണ്ട്.

ഇന്ന് 1,500ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗവും സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 95 ശതമാനം ജീവനക്കാരും വനിതകളാണ്. മികച്ച ടീം വര്‍ക്കിലൂടെ രാജ്യാന്തര നിലവാരത്തില്‍ ഉല്‍പ്പാദനം സാധ്യമാകുന്നു. യൂണിഫോമുകളില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് കൊണ്ട് ഫാഷന്‍ മാറുന്നതനുസരിച്ച് ഉല്‍പ്പാദനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല എന്നതിനാല്‍ കമ്പനിയുടെ വരുമാനത്തെ ബാധിക്കുന്നില്ല. 50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവും കമ്പനിക്കുണ്ട്. മിഡില്‍ ഈസ്റ്റിലെ പല സ്‌കൂളുകള്‍ക്കും യൂണിഫോമുകള്‍, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള യൂണിഫോമുകള്‍, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍ തുടങ്ങിയവയും മരിയൻ ഉൽപാദിപ്പിക്കുന്നു. ആഗോളാടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെട്ട കേരളത്തിലെ ഒരു സ്ഥാപനമാണ് ഈ വാർത്തകളിലൂടെ വീണ്ടും ശ്രദ്ധയിലെത്തുന്നത്.

Related posts

ച​രി​ത്രം കു​റി​ച്ച് ദു​ബാ​യ് റ​ൺ; പ​ങ്കെ​ടു​ത്ത​ത് 1.93 ല​ക്ഷ​ത്തി​ലേ​റെ പേ​ർ

Aswathi Kottiyoor

സമൂഹമാധ്യമങ്ങൾക്കുള്ള പിഴ കുറയ്ക്കാൻ നീക്കം; എതിർപ്പ്.

Aswathi Kottiyoor

റസ്റ്റ് ഹൗസ് ബുക്കിങ്‌: കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox