കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാമാസവും 10നകം ശമ്പളം നൽകണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും കെഎസ്‌ആർടിസിയുടെയും വിശദീകരണം തേടി. ആഗസ്‌ത് 24ലെ കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ ആർ ബാജിയടക്കമുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. ”
എല്ലാമാസവും അഞ്ചിനുമുമ്പ് ശമ്പളം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർ നേരത്തേ നൽകിയ ഹർജിയിൽ 10നകം ശമ്പളം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ആഗസ്‌തിലെ ശമ്പളത്തിന്റെ പകുതി സെപ്തംബർ 11നും ബാക്കി 18നുമാണ് നൽകിയത്. സെപ്തംബറിലെ ശമ്പളത്തിന്റെ പകുതി ഒക്ടോബർ അഞ്ചിന് നൽകി. 10–-ാംതീയതി കഴിഞ്ഞിട്ടും ബാക്കി നൽകിയില്ലെന്നാണ് ഹർജിക്കാരുടെ ആരോപണം.
കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ, ചീഫ് സെക്രട്ടറി വി വേണു, ധന അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരെ എതിർകക്ഷിയാക്കി നൽകിയ ഹർജി ഒരാഴ്‌ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.