സേവനങ്ങൾക്ക് ഓണ്‍ലൈനില്‍ അപേക്ഷ നൽകിയ ശേഷം പകര്‍പ്പും രേഖകളും ഓഫിസിൽ നേരിട്ടെത്തിക്കണമെന്ന സ്ഥിതി അവസാനിപ്പിക്കാനുറച്ച് മോട്ടോർവാഹന വകുപ്പ്. രണ്ട് വർഷം മുമ്പ് പരീക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ ഇടങ്കോലിൽ പരാജയപ്പെട്ട ആധാർ അധിഷ്ഠിത സേവന സംവിധാനമാണ് ഇപ്പോൾ നിർബന്ധമാക്കുന്നത്.വാഹനസംബന്ധമായ ഉടമസ്ഥാവകാശ കൈമാറ്റം, പെര്‍മിറ്റ് സേവനങ്ങള്‍, ഫിനാന്‍സ് സേവനങ്ങള്‍ തുടങ്ങിയവയാണ് പൂര്‍ണമായും ആധാർ അധിഷ്ഠിത ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നത്. ഇടനിലക്കാരെ ഒഴിവാക്കാനും ഓൺലൈൻ അപേക്ഷ നടപടികൾ സുതാര്യമാക്കാനുമാണ് ക്രമീകരണം.
2021 ഡിസംബറിൽ ആദ്യത്ത ആധാർ അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും നിർബന്ധമാക്കിയിരുന്നില്ല. ബദൽ സൗകര്യമെന്ന നിലയില ആധാർ നമ്പറിന് പുറമേ മൊബൈൽ നമ്പർ കൂടി ഉൾപ്പെടുത്തി ഓൺലൈൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ഓപ്ഷൻ കൂടി അന്ന് നൽകിയിരുന്നു.
ആധാർ നൽകിയാൽ ആധാർ ലിങ്ക് ചെയ്ത നമ്പറിലേക്കും മൊബൈൽ ഫോൺ നൽകിയാൽ ആ നമ്പറിലേക്കും ഒ.ടി.പി എത്തുമായിരുന്നു. ഇതാകട്ടെ ഇടനിലക്കാർക്ക് സൗകര്യവുമായി. ഇടനിലക്കാർ തങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒ.ടി.പി സ്വീകരിച്ച് നടപടികൾ പൂർത്തിയാക്കുന്ന സ്ഥിതിയായി.
ക്രമേണ ആധാർ ഇല്ലാതെ മൊബൈൽ ഫോൺ നമ്പർ നൽകുന്ന രീതി മാത്രമായി. ഇതാണ് ഇപ്പോൾ അവസാനിപ്പിക്കുന്നതും ആധാറിൽ മാത്രമായി ഒ.ടി.പി സേവനം പരിമിതപ്പെടുത്താൻ തീരുമാനിച്ച് ഉത്തരവിറക്കിയിരിക്കുന്നതും. നിലവിൽ ഉടമയുടെ മൊബൈല്‍ നമ്പര്‍ അടിസ്ഥാനമാക്കി സ്വീകരിക്കുന്ന അപേക്ഷകള്‍ കൂടി ആധാറിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് അനുസരിച്ച് വാഹന്‍ സോഫ്റ്റ്െവയറില് കൂടി മാറ്റംവരുത്തേണ്ടതുണ്ട്.
സേവനങ്ങൾക്ക് ആധാര്‍ ബന്ധിപ്പിച്ചുള്ള മൊബൈല്‍ നമ്പര്‍ നല്കുമ്പോള് ആധാര്‍ ഡേറ്റയില്‍ നിന്നുള്ള മേല്‍വിലാസവും വാഹനരേഖകളിലെ വിവരങ്ങളും ഒത്തുനോക്കിയാണ് പ്രവര്‍ത്തിക്കുന്നത്. പേരിലെ ചെറിയ മാറ്റങ്ങള്‍പോലും സോഫ്റ്റ്െവയര് നിഷേധിക്കുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ഒത്തുനോക്കൽ പ്രക്രിയയിലും മാറ്റം വരുത്തും.വാഹന്‍ അപേക്ഷകളില്‍ നേരേത്ത മുന്‍ഗണനാക്രമം നിര്‍ബന്ധമല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമുള്ളവ വേഗത്തില്‍ തീര്പ്പുകൽപ്പിക്കാനാകുമായിരുന്നു. ഇതുമൂലം ഇടനിലക്കാര്‍ വഴി എത്തുന്ന അപേക്ഷകള്‍ പെട്ടെന്ന് പരിഗണിക്കപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. മറ്റുള്ളവ ചെറിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിക്കുകയും ചെയ്തിരുന്നു. ഇതിന് അറുതിവരുത്താനുള്ള നീക്കങ്ങളാണ് വകുപ്പ് പുനരാരംഭിച്ചത്.