മാനന്തവാടി: എടവക കൊണിയൻമുക്ക് സ്വദേശിയായ പ്രവാസി യുവാവ് ഇ കെ ഹൗസിൽ അജ്മൽ (24)തൂങ്ങി മരിച്ച സംഭവത്തിൽ അഞ്ച്പേരെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മലിനെ സംഘം ചേർന്ന് മർദ്ദിച്ച കട്ടയാട് ഗീതാലയം സജേഷ് (44), പുതുശ്ശേരി തെക്കേതിൽ വിശാഖ് (23), പുതുശ്ശേരി മച്ചാനിക്കൽ അരുൺ എം ബി (23), പാണ്ടിക്കടവ് പാറവിളയിൽ ശ്രീരാഗ് (21), വെണ്മണി അരിപ്ലാക്കൽ മെൽബിൻ മാത്യു (23) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എംഎം അബ്ദുൾ കരീം, എസ് ഐ മാരായ കെ കെ സോബിൻ, ടി.കെ മിനിമോൾ എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അജ്മലിന് പ്രതികളിൽ ഒരാളുടെ ബന്ധുവായ പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നതായും, ആയതിലുള്ള വൈരാഗ്യത്തെ തുടർന്ന് ഞായറാഴ്ച ഇവർ അജ്മലിനെ സുഹൃത്ത് വഴി അഗ്രഹാരം പുഴയ്ക്ക് സമീപം വിളിച്ച് വരുത്തി സംഘം ചേർന്ന് ഭീഷണിപ്പെടുത്തി ക്രൂരമായി മർദിക്കുകയുമായിരുന്നു. പിന്നീട് ഇവർ അജ്മലിന്റെ ഫോണുകൾ വാങ്ങി വെച്ച ശേഷം അജ്മലിനെ വീടിന്റെ പരിസരത്ത് കാറിൽ കൊണ്ടുവിടുകയും ചെയ്തു. തുടർന്ന്തിങ്കളാഴ്ച രാവിലെ അജ്മലിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മർദനത്തെ തുടർന്നുള്ള മനോവിഷമവും, പ്രേരണയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാരണത്താലാണ് വിവിധ വകുപ്പുകൾ കൂട്ടി ചേർത്ത് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളിൽ ചിലർ മുമ്പും മറ്റ് ചില കേസുകളിൽ പ്രതികളായവരാണ്.