മണ്ണുത്തി അങ്കമാലി ദേശീയപാത പാലിയേക്കര ടോൾ പ്ലാസയിൽ ഇഡി റെയ്‌ഡ്. ടോൾ പ്ലാസ വഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്ന പരാതിയിലാണ് പരിശോധന നടത്തിയതെന്ന് അറിയുന്നു. തിങ്കൾ രാവിലെ പത്തോടെയാണ് ഇഡി ഉദ്യോഗസ്ഥർ റെയ്‌ഡിനെത്തിയത്. 2006 മുതൽ 2016 വരെയുള്ള മണ്ണുത്തി – അങ്കമാലി ദേശീയപാത നിർമാണത്തിൽക്രമക്കേട് നടന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. സിബിഐ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോൾപിരിച്ചു, ദേശീയപാതാ അതോറിറ്റി അധികൃതരുമായി ക്രിമിനൽഗൂഢാലോചന നടത്തി സർക്കാരിനു നഷ്‌ടമുണ്ടാക്കി, നിർമാണ മാനദണ്ഡങ്ങളിൽ വീഴ്‌ച വരുത്തി ഉൾപ്പെടെയുള്ള പരാതികളിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. 12 ബസ്‌വേ നിർമിക്കേണ്ടിടത്ത് മൂന്നെണ്ണം മാത്രമാണ് ഇതുവരെ പൂർത്തിയായതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് ഇഡി പരിശോധിക്കുന്നത്.