ആരോഗ്യ ജാഗ്രത ഏറെ പ്രധാനം
വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യ വര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കണം. 100 മില്ലിഗ്രാമിന്റെ 2 ഗുളികകള്‍ (200 മില്ലി ഗ്രാം) ആഴ്ചയിലൊരിക്കലാണ് കഴിക്കേണ്ടത്. തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഡോക്‌സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭ്യമാണ്.
എലി, പട്ടി, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രവും മറ്റ് വിസര്‍ജ്യങ്ങളും കലര്‍ന്ന വെള്ളത്തിലൂടെയാണ് മനുഷ്യരിലേക്ക് എലിപ്പനി പകരുന്നത്. കൈകാലുകളിലെയും, മറ്റ് ശരീര ഭാഗങ്ങളിലെയും മുറിവുകള്‍, കണ്ണിലെയും വായിലെയും നേര്‍ത്ത തൊലി എന്നിവയിലൂടെയാണ് രോഗാണു ശരീരത്തിലെത്തുന്നത്. വെളളവുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് എലിപ്പനി സാധ്യത വെളിപ്പെടുത്തുകയും ചികിത്സ തേടുകയും വേണം. സ്വയം ചികിത്സ പാടില്ല. തുടക്കത്തിലെ ശരിയായ ചികിത്സ ലഭിച്ചാല്‍ എലിപ്പനി ഭേദമാക്കാന്‍ കഴിയും. ചികിത്സ താമസിച്ചാല്‍ രോഗം സങ്കീര്‍ണ്ണമാകുവാനും മരണം സംഭവിക്കുവാനുമുള്ള സാധ്യതയുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും തിരികെ വീട്ടിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം കഴുകി വൃത്തിയാക്കുക. ബ്ലീച്ചിംഗ് പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തുക.
· കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക
· മലിനമായ കിണറുകള്‍, ടാങ്കുകള്‍ കുടിവെള്ള സ്രോതസുകള്‍ തുടങ്ങിയവ ക്ലോറിനേറ്റ് ചെയ്ത് അണു വിമുക്തമാക്കുക
· വീടുകളിലെ ഇലക്ടിക് ഉപകരണങ്ങള്‍ ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക
· ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക
· ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന പാത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം കൊണ്ട് കഴുകുക
· പാചകം ചെയ്യാന്‍ ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം മാത്രം ഉപയോഗിക്കുക
· തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
· വീടിന് പുറത്തിങ്ങുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കുക
· കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് പെരുകുന്നതിനുള്ള സാധ്യതയുണ്ട്
· ശുചീകരണം നടത്തുമ്പോള്‍ വിഷപ്പാമ്പുകള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. കടിയേറ്റാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം.