തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പല്‍. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം. രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ.
ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍ നിര്‍മാതാക്കളായ ഷാന്‍ഗായ് പിഎംസിയുടെ കപ്പലാണിത്. വിഴിഞ്ഞത്തിനാവശ്യമായ പ്രധാനപ്പെട്ട ക്രെയ്‌നുകളാണ് ഈ കപ്പലിലുള്ളത്. ഒരു ഷിപ്പ് ടു ഷോര്‍ ക്രെയ്ന്‍, രണ്ട് യാര്‍ഡ് ക്രെയിനുകള്‍ എന്നിവങ്ങനെയുള്ളവ. കപ്പലില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ എടുത്തു വയ്ക്കുന്നതിന് വേണ്ടിയാണ് ഷിപ്പ് ടു ക്രെയ്ന്‍. തുറമുഖത്തിനകത്തെ കണ്ടെയ്‌നര്‍ നീക്കത്തിന് വേണ്ടിയാണ് യാര്‍ഡ് ക്രെയ്‌നുകള്‍. ക്രെയ്‌നുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ പിന്നെ ആറ് മാസം പരീക്ഷണകാലമാണ്. ഷാന്‍ഗായ് പിഎംസിക്കാണ് ഇക്കാലളവില്‍ ക്രെയ്‌നുകളുടെ പ്രവര്‍ത്തനച്ചുമതല. പിന്നീട് അദാനി ഗ്രൂപ്പ് ഓപ്പറേഷന്‍ ചുമതല ഏറ്റെടുക്കും. 600 ജീവനക്കാര്‍ തുറമുഖത്തുണ്ടാകും. കമ്മീഷനിംഗോടെ സുരക്ഷ ചുമതല സിഐഎസ്എഫ് ഏറ്റെടുക്കും. മെയ് മാസത്തില്‍ കമ്മീഷനിംഗ് പിന്നാലെ ചരക്ക് കപ്പലുകള്‍ വിഴിഞ്ഞത്തെത്തും.