22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • വിശുദ്ധനാട് തീർഥാടനം പ്രതിസന്ധിയിൽ ; യുദ്ധത്തിൽ തകരുന്നത്‌ കേരളത്തിലെ സഞ്ചാരപ്രേമികളുടെ സ്വപ്നങ്ങളും
Kerala

വിശുദ്ധനാട് തീർഥാടനം പ്രതിസന്ധിയിൽ ; യുദ്ധത്തിൽ തകരുന്നത്‌ കേരളത്തിലെ സഞ്ചാരപ്രേമികളുടെ സ്വപ്നങ്ങളും

ഇസ്രയേൽ–-ഹമാസ്‌ യുദ്ധത്തിൽ തകരുന്നത്‌ കേരളത്തിലെ സഞ്ചാരപ്രേമികളുടെ സ്വപ്നങ്ങളും. “വിശുദ്ധനാട് തീർഥാടനം’ എന്ന പേരിൽ ഇസ്രയേലിലും പലസ്തീനിലും തീർഥാടനത്തിനും വിനോദസഞ്ചാരത്തിനും ആഗ്രഹിച്ച ആയിരത്തോളംപേരുടെ യാത്രയാണ് മൂന്നുദിവസത്തിനുള്ളിൽ തടസ്സപ്പെട്ടത്. കൊച്ചി വൈറ്റിലയിൽനിന്ന്‌ അമ്പതംഗസംഘം ശനി രാവിലെ 10.30ന് ജോർദാനിലേക്ക് പോകാൻ ഒരുക്കം പൂർത്തിയാക്കിയപ്പോഴാണ് യുദ്ധവാർത്ത എത്തിയത്‌. “ഒന്നരമാസംമുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്നതാണ്. 1.65 ലക്ഷം രൂപയും നൽകി. ഇനി പോകാൻ പറ്റുമോ, പണം മടക്കിക്കിട്ടുമോ എന്നൊന്നുമറിയില്ല’–- യാത്ര പോകാനിരുന്ന പി യോഹന്നാൻ പറഞ്ഞു. തിങ്കളാഴ്ച കൊച്ചി വിമാനത്താവളം വഴി പോകേണ്ടിയിരുന്ന 40 പേരുടെയും ചൊവ്വാഴ്‌ച ഡൽഹിയിൽനിന്നുള്ള 50 പേരുടെയും യാത്രയും മാറ്റി. ഒക്ടോബറിലെ ആയിരത്തോളംപേരുടെ യാത്രയും തടസ്സപ്പെട്ടതായി കൊച്ചി റിയ ട്രാവൽസ്‌ ഡയറക്ടർ തോമസ് മത്തായി പറഞ്ഞു. നവംബർമുതൽ- ഫെബ്രുവരിവരെ ഇസ്രയേലിൽനിന്ന് കേരളത്തിലേക്ക് ധാരാളം സ‍ഞ്ചാരികളെത്തുന്ന സമയവുമാണ്. സംഘർഷം നീണ്ടാൽ ഈ വരുമാനവും നഷ്ടമാകും.

ബാക്കിയുണ്ടാകുമോ ഹോട്ടലുകൾ
ആറുമാസംമുതൽ ഒരുവർഷംവരെ മുൻകൂറായാണ് യാത്രകൾ ആസൂത്രണം ചെയ്യുന്നത്. 12,000 പേർ ഒരുവർഷം ഇസ്രയേലിലേക്ക് പോകുന്നുണ്ട്. 2024ലെ യാത്ര ആസൂത്രണംചെയ്ത് വിമാന ടിക്കറ്റും ഹോട്ടൽമുറികളും ബുക്ക് ചെയ്തവരുണ്ട്. യുദ്ധം കഴിയുമ്പോൾ ആ ഹോട്ടലുകൾ ഉണ്ടാകുമോയെന്ന് ഉറപ്പില്ല. 50 പേരുടെ ​ഗ്രൂപ്പുകളായാണ് ഏജൻസികൾ യാത്രയൊരുക്കുന്നത്. 1.35 ലക്ഷം മുതൽ രണ്ടുലക്ഷം രൂപവരെയാണ് ഒരാൾക്ക് ചെലവ്. കേരളത്തിൽനിന്ന് നേരിട്ട് ഇസ്രയേലിലേക്ക് വിമാന സർവീസില്ല. ജോർദാനിലെത്തി ബസിൽ ഇ​സ്രയേലിലേക്ക് പോയി അവിടെനിന്ന് ഈജിപ്തിലെത്തി നാട്ടിലേക്ക് തിരിക്കുന്നവരാണ് ഭൂരിപക്ഷവും. ഐടി, ആരോഗ്യപരിപാലനം, ​ഗൃഹസംരക്ഷണം തുടങ്ങിയ മേഖലകളിലായി ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇസ്രയേലിൽ ജോലി ചെയ്യുന്നു. ഇതിൽ ഏഴായിരത്തിലധികംപേർ മലയാളികൾ. നാട്ടിലേക്കുള്ള ഇവരുടെ യാത്രയും മുടങ്ങി.

ഇസ്രയേൽ: എയർ ഇന്ത്യ വിമാന ടിക്കറ്റ്‌ റദ്ദാക്കൽ 31 വരെ സൗജന്യം
ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ പുനഃക്രമീകരിക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള നിരക്കുകൾ ഒഴിവാക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ഒക്‌ടോബർ ഒമ്പതിനുമുമ്പ്‌ ബുക്ക്‌ ചെയ്‌ത 31 വരെയുള്ള വിമാന ടിക്കറ്റുകൾക്കാണ്‌ ഇളവ്‌. ഇസ്രയേൽ–- ഹമാസ്‌ യുദ്ധത്തെതുടർന്ന്‌ ടെൽ അവീവിലേക്കുള്ള എല്ലാ വിമാനങ്ങളും 14 വരെ റദ്ദാക്കിയിരുന്നു.

Related posts

ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകും: മന്ത്രി ജി.ആർ. അനിൽ

കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റി: തലശേരി ജനറൽ ആശുപത്രിക്കെതിരേ കുടുംബം

Aswathi Kottiyoor

സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിളിൽ മാറ്റം; പരീക്ഷ ഉച്ചക്ക്​ 1.30 മുതൽ

Aswathi Kottiyoor
WordPress Image Lightbox