25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബഹ്രൈനിൽ മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനോടുവിൽ നാട്ടിലേക്ക്
Uncategorized

ബഹ്രൈനിൽ മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനോടുവിൽ നാട്ടിലേക്ക്

ബഹ്രൈനിൽ മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനോടുവിൽ നാട്ടിലേക്ക്. കോട്ടയം സ്വദേശികളായ ദമ്പതികളെയാണ് പ്രവാസി ലീഗൽ സെലും മുഹറഖ് മലയാളി സമാജവും ചേർന്ന് നാട്ടിലേക്ക് അയച്ചത്.

നാട്ടിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ വീടും വസ്തുവും അപകടത്തിൽ പരുക്ക് പറ്റിയ ഭാര്യയുടെ ചികിത്സയ്ക്കുള്ള ഭീമമായ തുകക്ക് വേണ്ടി വിറ്റിരുന്നു. ബാക്കി വന്ന 16 ലക്ഷത്തോളം രൂപ ബഹ്രൈനിൽ ഉണ്ടായിരുന്ന മകന്റെ നിർദേശ പ്രകാരം കഫ്തീരിയ തുടങ്ങാൻ വേണ്ടി കൊടുത്തു. ഏക സഹോദരിയെ വിസിറ്റിംഗ് വീസ എടുത്തു കൊണ്ട്‌വന്ന് അവരുടെ പേരിൽ അറാദിൽ ഷോപ്പ് എഗ്രിമെന്റ് രജിസ്റ്റർ ചെയ്യിക്കുകയും അന്ന് തന്നെ സഹോദരിയെ നാട്ടിലേക്ക് അയക്കുകയും ബിസിനസ് തുടങ്ങുകയും ചെയ്തു. പിന്നാലെ അമ്മയെ വിസിറ്റിംഗ് വിസയിൽ ഇവിടെ കൊണ്ട് വരികയായിരുന്നു.

എന്നാൽ പ്രതീക്ഷിച്ചത് പോലെ കച്ചവടം നടന്നില്ല. കടയുടെ ചിലവുകൾക്കും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും തികയാത്ത അവസ്ഥയിൽ എത്തി കാര്യങ്ങൾ. അങ്ങനെ കടം കൂടി സ്ഥാപനം പൂട്ടേണ്ടി വന്നു. അമ്മയുടെ വിസിറ്റിംഗ് വിസ പുതുക്കാനും സാധിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അച്ഛൻ വേറെ ജോലിക്ക് കയറിയെങ്കിലും, 60 വയസ് തികഞ്ഞതിനാൽ വീസ അടിക്കാൻ കഴിയാത്തതിനാൽ അവിടെ നിന്ന് പറഞ്ഞു വിട്ടു. തുടർന്ന് ജീവിതം വഴിമുട്ടിയ സാചര്യത്തിൽ ഇരുട്ടടിയെന്നോണം മകൻ അച്ഛനേയും അമ്മയേയും ബഹ്രൈനിൽ തനിച്ചാക്കി നാട്ടിലേക്ക് മുങ്ങുകയായിരുന്നു.

മകന്റെ കൂട്ടുകാർ വന്ന് വീട്ടിൽ ഉണ്ടായിരുന്ന എസിയും വാഷിങ് മെഷീനും ഫ്രിഡ്ജ്, ബെഡ് തുടങ്ങിയ സാധനങ്ങൾ മകൻ പറഞ്ഞതാണെന്ന് പറഞ്ഞു കൊണ്ട് പോയി. മാതാപിതാക്കളെ നാട്ടിൽ ആയക്കുന്നതിന് വേണ്ടി നോക്കിയപ്പോഴാണ് ബാഗിൽ ഉണ്ടായിരുന്ന അമ്മയുടെ പാസ്‌പോർട്ടും നാട്ടിലെ 5000 രൂപ കാണാനില്ലെന്ന് മനസിലാകുന്നത്. തുടർന്നാണ് ഔട്ട് പാസ് എടുപ്പിക്കാൻ വേണ്ടി മകന്റെ സുഹൃത്ത് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഓ ആയ സുധീർ തിരുനിലത്തിന്റെ അടുത്തെത്തിയത്. സുധീർ തന്നാൽ കഴിയുന്നതെല്ലാം ചെയ്ത് നൽകി. ഇതിനിടെ ഒട്ട് പാസിന്റെ ആവശ്യത്തിനായുള്ള ചെലവുകൾക്കായി ദമ്പതികളുടെ കൈവശമുണ്ടായിരുന്ന അവശേഷിക്കുന്ന കുറച്ച് രൂപ തട്ടിയെടുത്തു. ഔട്ട് പാസ്സിന് വേണ്ടിയുള്ള സിഐഡി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആളുമായി പോയി വാങ്ങുകയും അടുത്ത പ്രവർത്തി ദിനം എംബസിയിൽ പോകാം എന്ന് പറഞ്ഞു ഔട്ട് പാസ്സുമായി പോയ മകന്റെ സുഹൃത്ത് പണവും ഒട്ട് പാസുമായി മുങ്ങി.

സുമനസുകൾ സഹായിച്ച് കൈയിലുണ്ടായിരുന്ന അവശേഷിക്കുന്ന പണവും നഷ്ടമായതോടെ ഭക്ഷണത്തിന് പോലും മാർഗമില്ലാതെ പ്രതിസന്ധിയിലായി ദമ്പതികൾ. അതിനിടയിൽ റൂമിന്റെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. സുധീർ തിരുന്നിലത്തുമായി ബന്ധപ്പെടാൻ ഇവർക് കഴിഞ്ഞില്ല. ഔട്ട് പാസിനുള്ള സിഐഡി സർട്ടിഫിക്കറ്റ് നഷ്ടപെട്ട ഇവർ അങ്ങനെയാണ് മംഗലാപുരം സ്വദേശി മുഖേന മുഹറഖ് മലയാളി സമാജം സ്ഥാപക പ്രസിഡന്റ് അനസ് റഹീമിനെ ബന്ധപെടുകയും തുടർന്ന് എംഎംഎസ് പ്രതിനിധികൾ അവിടേക്ക് വരികയും കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ഇവർക്കുള്ള താമസവും ഭക്ഷണവും മുഹറഖിൽ ശരിയാക്കി കൊടുക്കുകയും ചെയ്തു. നഷ്ടപെട്ട സിഐഡി സർട്ടിഫിക്കേറ്റ് വീണ്ടും വാങ്ങുവാനുള്ള ശ്രമം എംഎംഎസ് പ്രതിനിധികൾ ആരംഭിച്ചു. അതിനിടയിൽ സുധീർ തിരുനിലത്തു ഉദയരാജിന്റെ നമ്പർ സംഘടിപിച്ചു വിളിക്കുകയും അവർ പറഞ്ഞത് അനുസരിച്ചു അനസ് റഹീമുമായി ബന്ധപ്പെടുകയും നഷ്ടമായെന്ന് കരുതിയ സിഐഡി സർട്ടിഫിക്കറ്റ് എംബസിയിൽ ഉണ്ടെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.

പിന്നെ ദ്രുതഗതിയിൽ ആയി കാര്യങ്ങൾ. സുധീർ തിരുനിലത്ത് എംബസി ഔട്ട് പാസ് സംഘടിപ്പിക്കുന്നതിനുള്ള കാര്യങ്ങൾ നീക്കുകയും അതിനൊപ്പം മുഹറഖ് മലയാളി സമാജം ഇവർക്കുള്ള എമിഗ്രേഷൻ ഫൈൻ അടക്കാനും നാട്ടിൽ പോയാൽ താമസിക്കാൻ ഇടമില്ലാത്ത ഇവർക്ക് താത്കാലിക ആശ്വാസം എന്ന നിലയിൽ സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു. ഔട്ട് പാസും ഇവർക്കുള്ള യാത്ര ടിക്കറ്റും എംബസിയിൽ നിന്നും സുധീർ തിരുനിലത്തിന്റെ ശ്രമഫലമായി ലഭ്യമായി. ഇന്ന് രാവിലേ 11.30ക്കുള്ള വിമാനത്തിൽ ദമ്പതികൾ നാട്ടിലേക്ക് തിരിച്ചു.

Related posts

‘വോട്ട് ഉത്തരവാദിത്വം, ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു’, വോട്ടുചെയ്ത് ആസിഫ് അലി

Aswathi Kottiyoor

മദ്യം വിലകുറച്ച് നൽകിയില്ല; തൃശൂരിൽ ബാർ അടിച്ചുതകർത്തു, 2 പേർ അറസ്റ്റിൽ

Aswathi Kottiyoor

ഫീസിളവ്; തീയതി നീട്ടി

Aswathi Kottiyoor
WordPress Image Lightbox