പിന്നാക്ക സംവരണ പട്ടിക പുതുക്കുന്നതിനുള്ള ജാതി സർവേ നടത്തുന്ന കാര്യത്തിൽ കേരള സർക്കാർ ഇനിയും തീരുമാനമെടുത്തിട്ടില്ല. രണ്ടു മുഖ്യ കാരണങ്ങളാണ് സർക്കാരിനു തടസ്സമായുള്ളത്. ഒന്ന്, സംസ്ഥാന വ്യാപകമായി സർവേ നടത്തുന്നതിന്റെ പണച്ചെലവ്. രണ്ട്, സർവേയുമായി മുന്നോട്ടു പോയാൽ വിവിധ സമുദായങ്ങളിൽനിന്ന് ഉണ്ടാകാനിടയുള്ള എതിർപ്പ്. നിലവിൽ സംവരണത്തിൽ തൃപ്തരായ സമുദായങ്ങളിൽനിന്നു സർവേയോട് എതിർപ്പുണ്ടാകുമെന്നാണു സർക്കാർ കരുതുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സർവേയിലേക്കു പോകുന്നത് അഭികാമ്യമല്ലെന്ന നിലപാടാണു സർക്കാരിന്.
സെൻസസ് കേന്ദ്ര വിഷയം ആയതിനാൽ പകരം സർവേ നടത്താമെന്നാണ് സർക്കാരിനു കിട്ടിയിരിക്കുന്ന വിദഗ്ധ ഉപദേശം. നിയമപരമായ മറ്റു സാധ്യതകൾ പരിശോധിക്കുന്നുവെന്ന പേരിൽ നടപടിക്രമം നീട്ടിക്കൊണ്ടുപോകാനാണു സാധ്യത. ജാതി സർവേ നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്നറിയിച്ച് സംസ്ഥാന പിന്നാക്ക കമ്മിഷൻ സർക്കാരിനു കത്തു നൽകിയിട്ടുണ്ട്. സർവേ നടത്തിയാൽ സംവരണത്തിലൂടെ വിവിധ പിന്നാക്ക സമുദായങ്ങൾക്കു ലഭിച്ച സാമൂഹിക, സാമ്പത്തിക നേട്ടങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണു കമ്മിഷന്റെ വിലയിരുത്തൽ
previous post