ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ സര്‍വീസ് ഒക്ടോബര്‍ ഏഴിന് തുടങ്ങും. ഉഗാണ്ടയിലെ എന്റബ്ബെ രാജ്യാന്തര വിമാനത്താവളത്തേയും മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തേയും ബന്ധിപ്പിച്ചാണ് സര്‍വീസ്. ആദ്യ വിമാനം (യുആര്‍ 430) ശനിയാഴ്ച എന്റബ്ബെയില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 5.55ന് മുംബൈയില്‍ ഇറങ്ങും.
മുംബൈയില്‍ നിന്നുള്ള ആദ്യ വിമാനം (യുആര്‍ 431) ഞായറാഴ്ച രാവിലെ 7.55 ന് പുറപ്പെട്ട് പ്രാദേശിക സമയം 12.25ന് എന്റബ്ബെയില്‍ ഇറങ്ങും. ഇരു നഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉള്ളത്. മുംബൈയില്‍ നിന്ന് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലും എന്റബ്ബെയില്‍ നിന്ന് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലുമാണ് സര്‍വീസ്.
എയര്‍ബസ് എ330-800 നിയോ വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. ബിസിനസ് ക്ലാസ് 20, പ്രീമിയം ഇക്കോണമി 28, ഇക്കോണമി 210 എന്നിങ്ങനെ മൂന്ന് ക്ലാസുകളായാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിനു ശേഷം ഇതാദ്യമായാണ് ഉഗാണ്ടയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിക്കുന്നത്.
അതേസമയം, ഇന്ത്യയിലെ മുന്‍നിര ഗ്ലോബല്‍ കരിയറായ എയര്‍ ഇന്ത്യ ഈ മാസം 23 മുതല്‍ കൊച്ചി- ദോഹ പ്രതിദിന സര്‍വീസ് ആരംഭിക്കും. രണ്ടു നഗരങ്ങളെ തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പുതിയ സര്‍വീസ് കൂടുതല്‍ സൗകര്യപ്രദവും സുഖപ്രദവുമായ യാത്രാവശ്യം നിറവേറ്റുന്നതാണ്. കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ 953 ദോഹയില്‍ 3.45ന് എത്തിച്ചേരും. തിരിച്ചുള്ള യാത്രാവിമാനമായ എഐ 954 ദോഹയില്‍ നിന്ന് പ്രാദേശിക സമയം 4.45ന് പുറപ്പെട്ട് കൊച്ചിയില്‍ പ്രാദേശിക സമയം 11.35ന് എത്തിച്ചേരും
ഈ റൂട്ടിൽ ഇൻഡിഗോ എയർലൈൻസ് നിലവില്‍ ദിവസേന നാല് സർവീസുകൾ നടത്തുന്നുണ്ട്.