22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ധനമാനേജ്‌മെന്റിൽ കേരളം 
മികച്ച നിലയിൽ ; ഗിഫ്റ്റ് റിപ്പോര്‍ട്ട്
Kerala

ധനമാനേജ്‌മെന്റിൽ കേരളം 
മികച്ച നിലയിൽ ; ഗിഫ്റ്റ് റിപ്പോര്‍ട്ട്

ധനമാനേജ്‌മെന്റിൽ മികച്ച നില കൈവരിക്കാൻ കേരളത്തിന്‌ കഴിഞ്ഞതായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ (ഗിഫ്‌റ്റ്‌). തനതു വരുമാനം ഉയർത്തുന്നതിൽ തിളക്കമാർന്ന നേട്ടം കൈവരിക്കാനും ചെലവഴിക്കൽ കൃത്യമായി നിയന്ത്രിക്കാനും കേരളത്തിനു കഴിഞ്ഞു. മൊത്തം നികുതിവരുമാനത്തിലെ തനതുവരുമാനത്തിന്റെ പങ്ക്‌ 2.5 ശതമാനം വർധിച്ച്‌ 85.5 ശതമാനത്തിലെത്തി. ഇത്‌ രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന തോതിലുള്ളതാണ്‌. തനതു വരുമാനത്തിൽ 22.1 ശതമാനം വളർച്ചയുണ്ടായി. ഇക്കാര്യത്തിൽ ഗുജറാത്തിനും (28.4 ശതമാനം) മഹാരാഷ്ട്രയ്‌ക്കും (25.6) തമിഴ്‌നാട്ടിനും (22.3) തൊട്ടു പിന്നിലാണ്‌ കേരളത്തിന്റെ സ്ഥാനമെന്നും ഗിഫ്‌റ്റ്‌ പ്രസിദ്ധീകരണമായ കേരള ഇക്കോണമിയിൽ പറയുന്നു. നികുതി വരുമാനത്തിൽ 18.5 ശതമാനം എന്ന മികച്ച വളർച്ച നേടാനായി. ആകെ വരുമാനത്തിൽ തനതു നികുതി വരുമാനത്തിന്റെ വിഹിതം 54.2ൽ നിന്ന്‌ 58.2 ശതമാനമായി ഉയർന്നു. അതേസമയം, റവന്യു വരുമാനത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ച സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്ന ഗ്രാന്റുകളിലും നികുതി വരുമാനത്തിന്റെ വിഹിതത്തിലും വലിയ ഇടിവുണ്ടായി. കേന്ദ്ര ധനസഹായത്തിലെ വാർഷിക വളർച്ച കേരളത്തിന്റെ കാര്യത്തിൽ 9.1 ശതമാനം മാത്രമാണ്‌. എന്നാൽ, തെലങ്കാനയ്‌ക്കും ഉത്തർപ്രദേശിനും 53 ശതമാനവും മഹാരാഷ്ട്രയ്‌ക്ക്‌ 32 ശതമാനവുമാണ്‌.

കേരളം രാജ്യത്തെ ഏറ്റവും ഗുരുതര ധനസ്ഥിതിയുള്ള സംസ്ഥാനമാണെന്ന റിസർവ്‌ ബാങ്കിന്റെ നിഗമനം ശരിയല്ലെന്ന്‌ ഗിഫ്‌റ്റിലെ അസി. പ്രൊഫ. പി എസ്‌ രഞ്‌ജിത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനങ്ങൾ ധനപരമായ ചുരുക്കത്തിന്‌ സഹായകമായ നയസമീപനം സ്വീകരിക്കണമെന്ന റിസർവ്‌ ബാങ്കിന്റെ ആഹ്വാനം സ്വീകാര്യമല്ല. സാമ്പത്തികമായ പ്രതിസന്ധിയുണ്ടാകുമ്പോൾ സർക്കാർ ഇടപെടൽ അനിവാര്യമാണ്. അപ്പോൾ പൊതുചെലവ്‌ വർധിക്കുകയും അതിനനുസരിച്ച കടമെടുപ്പ്‌ ഉയരുകയും ചെയ്യും. ഇത് ഡിമാൻഡും സമ്പദ്‌ഘടനയുടെ പ്രവർത്തനക്ഷമതയും ഉയർത്താൻ ആവശ്യമാണ്‌. കേരളത്തിന്റെ ധനപരമായ ആശങ്കകൾ ഒരുപരിധിവരെ കോവിഡ്‌ മഹാമാരിയുടെ ഫലമായുണ്ടായതാണ്. ഇക്കാലയളവിലെ പൊതുകട– -ജിഎസ്‌ഡിപി അനുപാതത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ കാണുന്നത്‌ കേരളത്തിന്റെ പ്രവർത്തനങ്ങളെ ഇകഴ്‌ത്തിക്കാണിക്കലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Related posts

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വി​ല്ല; പു​തി​യ ഇ​ള​വു​ക​ളു​മി​ല്ല

Aswathi Kottiyoor

പൊതുജനാരോഗ്യ ബിൽ: നിയമസഭാ സെലക്ട് കമ്മിറ്റി സിറ്റിങ് നാലിന്

Aswathi Kottiyoor

ഇടുക്കി ജലനിരപ്പ്‌ 2393 ലേക്ക്‌ , ഒരുദിവസം ഉയർന്നത്‌ ഒന്നേമുക്കാൽ അടി ; മുല്ലപ്പെരിയാറിൽ

Aswathi Kottiyoor
WordPress Image Lightbox