കേരളത്തിൽ തുലാവർഷം സാധാരണയിൽ കൂടുതലാകുമെന്ന് ദേശീയ, അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. കേന്ദ്ര കാലാവസ്ഥാവകുപ്പടക്കം 10 ഏജൻസികളാണ് മികച്ച മഴ പ്രവചിക്കുന്നത്. ഒക്‌ടോബർ മുതൽ ഡിസംബർ വരെ പെയ്യുന്ന മഴയാണ് തുലാവർഷമായി കണക്കാക്കുന്നത്. ശാസ്ത്രീയമായി, ഇപ്പോഴത്തെ മഴ കാലവർഷംതന്നെയാണ്. മിക്കവാറും ഈ മാസം മൂന്നാമത്തെ ആഴ്‌ചയാകും തുലാവർഷ പ്രഖ്യാപനം.
കേന്ദ്ര കലാവസ്ഥാവകുപ്പ്, ജപ്പാൻ മീറ്റിയറോളജിക്കൽ ഏജൻസി, യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേയ്‌ഞ്ച് വെതർ ഫോർകാസ്‌റ്റ്, കോപ്പർനിക്കസ് കാലാവസ്ഥാ സർവീസ്, ലോക കാലാവസ്ഥാ സംഘടന, അപെക് കാലാവസ്ഥാകേന്ദ്രം–- ദക്ഷിണ കൊറിയ, യുകെ മെറ്റ് ഓഫീസ്, ഓസ്‌ട്രേലിയൻ കാലാവസ്ഥാ ഏജൻസി, അമേരിക്കൻ നാഷണൽ സെന്റർ ഫോർ എൻവയൺമെന്റൽ പ്രെഡിക്‌ഷൻ എന്നീ ഏജൻസികളാണ് മികച്ച തുലാവർഷം പ്രവചിച്ചത്. ഇതിൽ ചില ഏജൻസികൾ തെക്കൻ കേരളത്തിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്.
അതേസമയം, തുലാവർഷം കൂടുതലും ന്യൂനമർദത്തെയും ചുഴലിക്കാറ്റിനെയും ആശ്രയിച്ചാണ്. അതിനാൽ, നേരത്തെ പ്രവചിക്കുന്നത് ബുദ്ധിമുട്ടാണെന്ന വാദവുമുണ്ട്