കേസിൽ ആദ്യമായി ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ മനീഷ് സിസോദിയയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ വിജയ് നായർ ഉൾപ്പടെയുള്ള ഏഴ് പേരെ പ്രതി ചേർത്തിരുന്നു. കേസ് ആദ്യം അന്വേഷിച്ച സിബിഐയുടെ കുറ്റപത്രത്തിലും മനീഷ് സിസോദിയയുടെ പേരുണ്ടായിരുന്നില്ല. അതേസമയം മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിച്ച ദില്ലി ഹൈക്കോടതി സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചിരുന്നു.
നേരത്തെ തന്റെ ഭാര്യയെ കാണാൻ മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം ദില്ലി ഹൈക്കോടതി അനുവദിച്ചിരുന്നു. ഇതിന് മുമ്പ് ദില്ലി മദ്യനയക്കേസിൽ ജാമ്യാപേക്ഷയുമായി മനീഷ് സിസോദിയ വിവിദ കോടതികളെ സമീപിച്ചിരുന്നെങ്കിലും എല്ലാ കോടതികളിലും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. ഇതേ തുടർന്ന് ദീർഘകാലമായി അദ്ദേഹം ജയിലിൽ തുടരുകയാണ്. കീഴ് ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മനീഷ് സിസോദിയ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ഹൈക്കോടതിയും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് മനീഷ് സിസോദിയ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്.