40 കോടിക്ക് കെഎസ്ഇബിയിൽ നിന്നും നേടിയെടുത്ത സൗരോർജ്ജ പദ്ധതി ഇൻകെൽ ആറ് കോടി ലാഭമെടുത്ത് തമിഴ്നാട് കമ്പനിക്ക് മറിച്ചുകൊടുക്കുന്നത് 2020 ലാണ്. ഇങ്ങനെ ഉപകരാർ കൊടുക്കുന്നത് കരാർ ലംഘനമായിട്ടും ഈ ഇടപാട് നടക്കുകയായിരുന്നു. 2020 ജൂണ്‍ എട്ടിന് ആദ്യപടിയായി സ്വകാര്യ കമ്പനിയുമായി 7 മെഗാവാട്ട് സോളാർ പദ്ധതിയുടെ വർക്ക് ഓർഡർ ഒപ്പിടുന്നത് അന്നത്തെ ഇൻകെൽ എംഡി കെ വേണുഗോപാലാണ്. എന്നാൽ ഈ പദ്ധതിയിൽ സംഭവിക്കാൻ പോകുന്ന അഴിമതിയും കോഴപ്പണത്തിലെ ധാരണകളും വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിൽ 2020 ജൂണ്‍ മാസം തന്നെ ഒരു പരാതി എത്തിയിരുന്നു. വ്യവസായ വകുപ്പിന് കീഴിലെ ഇൻകലിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പരാതി കൈമാറുകയും ചെയ്തു.
അഴിമതി മുന്നറിയിപ്പുണ്ടായിട്ടും ഇൻകെൽ റിച്ച് ഫൈറ്റോകെയറുമായി അന്തിമ കരാർ ഒപ്പിട്ടു. ഈ കരാറിലും ഒപ്പ് എംഡി കെ വേണുഗാപാലിന്‍റെതാണ്. എന്നാൽ ഒപ്പിട്ടത് താനല്ലെന്നാണ് വേണുഗോപാൽ പറയുന്നത്. അധികം വൈകാതെ വേണുഗോപാൽ ഇൻകെലിൽ നിന്നും പടിയിറങ്ങി. അതിന് ശേഷമാണ് ഇൻകലും സ്വകാര്യകമ്പനിയും തമ്മിലുള്ള പണമിടപാടുകൾ നടക്കുന്നത്. വേണുഗോപാൽ അല്ലെങ്കിൽ അന്തിമ കരാറിലെ എട്ട് പേജുകളിലായി എട്ട് കള്ള ഒപ്പിട്ടതാരാണെന്ന ചോദ്യം ഉയരുന്നു. കോഴപ്പണം കൈപ്പറ്റിയ സോളാർ വിഭാഗം ജനറൽ മനേജറായിരുന്ന സാംറൂഫസിനെയാണ് വേണുഗോപാൽ സംശയിക്കുന്നത്. ഇത്രയും ക്രമക്കേടുകൾ നടന്നിട്ടും ഇൻകെൽ ഇക്കാര്യം പരിശോധിച്ചിരുന്നില്ലെ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് സർക്കാർ തന്നെയാണ്.