21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ലഹരിക്കെതിരെ ജാഗ്രതയോടെയുള്ള ഇടപെടലാണ് എക്‌സൈസ് വകുപ്പ് നടത്തുന്നത്: മന്ത്രി എം ബി രാജേഷ്
Kerala

ലഹരിക്കെതിരെ ജാഗ്രതയോടെയുള്ള ഇടപെടലാണ് എക്‌സൈസ് വകുപ്പ് നടത്തുന്നത്: മന്ത്രി എം ബി രാജേഷ്

ലഹരിക്കെതിരെ ജാഗ്രതയോടെയുള്ള ഇടപെടലാണ് എക്‌സൈസ് വകുപ്പിലൂടെ സർക്കാർ നടപ്പാക്കുന്നതെന്ന് എക്‌സൈസ്, തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറണാകുളം ജില്ലയിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ മാതൃക പരിപാടിയായ ‘ലഹരിരഹിത മാതൃകായിടം പദ്ധതി’യുടെ ജില്ലാതല ഉദ്ഘാടനം സെന്റ് തെരസാസ് കോളജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ ജീവിതത്തിനുമേലുള്ള ഗുരുതര ഭീഷണിയാണ് ലഹരി. മയക്കുമരുന്ന് ശ്യംഖലയുടെ വലയിൽ അകപ്പെടുന്നവരെ അതിൽ നിന്നും മോചിപ്പിച്ച് ശാസ്ത്രീയ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനു സമൂഹം ഒറ്റക്കെട്ടായി നിൽക്കണം. ഒരു ലക്ഷത്തിലേറെ പേർക്ക് വിമുക്തി മിഷനിലൂടെ ചികിത്സ നൽകാനായെന്നും ലഹരി ഉപയോഗത്തിൽ ദേശീയ ശരാശരിയെക്കാൾ താഴെയാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

കേരള എക്‌സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി മിഷനും ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സംയുക്തമായാണ് ജില്ലയിൽ ലഹരിരഹിത മാതൃകായിടം പദ്ധതി ആവിഷ്‌കരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലഹരിരഹിത മാതൃകായിടമായി മാറ്റിയെടുക്കുന്നതിന് നഗരപ്രദേശത്തെ പ്രതിനിധീകരിച്ച് കൊച്ചി കോർപ്പറേഷനു കീഴിലുള്ള ഗാന്ധിനഗർ ഡിവിഷനിലെ ഉദയ കോളനിയെയും ഗ്രാമ പ്രദേശത്തെ പ്രതിനിധീകരിച്ച് മണീട് പഞ്ചായത്തിനെയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

2024 മാർച്ച് വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ കേരളത്തിലെ മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയാകും വിധം മണീട് പഞ്ചായത്തിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. അതിനായി ബോധവൽക്കരണം, സർവ്വേ, പരിശീലനം, ലഹരിക്കെതിരെ കലാ – കായിക പരിപാടികൾ, മെഡിക്കൽ ക്യാമ്പ്, ഓൺലൈൻ -സോഷ്യൽ മീഡിയ പരിപാടികൾ, ക്രിസ്മസ്- പുതുവത്സര ക്യാമ്പ്, വിമുക്തി മിഷന്റെ വിവിധ പദ്ധതികളായ പദ്ധതികൾ നടപ്പാക്കൽ, ലഹരിക്ക് അടിപ്പെട്ടവർക്ക് കൗൺസിലിംഗ്, ചികിത്സ തുടങ്ങിയ സേവനങ്ങൾ, സി സി ടി വി സ്ഥാപിക്കൽ, പി എസ് സി കോച്ചിംഗ് ഉൾപ്പെടെയുള്ള ബൃഹത്തായ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ലഹരിയുടെ ഹബ്ബ് എന്ന വിശേഷണം മാറ്റിയെടുക്കുന്നതിനാണ് കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഗാന്ധിനഗർ ഉദയ കോളനിയിൽ പദ്ധതി നടപ്പാക്കുന്നത്. അതിനായി യുവതലമുറ ഉൾപ്പെടെ എല്ലാ ജനങ്ങളെയും കലാ-കായിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കാർഷിക മേഖലകളിലേക്ക് കൂടുതൽ ആകർഷിപ്പിച്ച് ലഹരിയിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കും. മണീട് ഗ്രാമപഞ്ചായത്തിലും ഉദയ കോളനിയിലും പദ്ധതി വിജയകരമാകുന്ന മുറയ്ക്ക് ജില്ലയിൽ മുഴുവനായും പദ്ധതി വ്യാപിപ്പിക്കും.

എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മാലിന്യ മുക്ത പ്രതിജ്ഞയും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബി ടെനിമോൻ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

കൊച്ചി കോർപ്പറേഷൻ കൗൺസിലർ ബിന്ദു ശിവൻ, എക്‌സൈസ് കമ്മീഷണർ മണിപാൽ യാദവ്, വിമുക്തി മിഷൻ സിഇഒ ഡി രാജീവ്, ജോയിന്റ് എക്‌സസൈസ് കമ്മീഷണർ എൻ അശോക് കുമാർ, കേരള സംസ്ഥാന എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി പി സഞ്ജീവ് കുമാർ, ജില്ലാ സെക്രട്ടറി എം ആർ രാജേഷ്, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൻസാ വിജയാ ജോസഫ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്രതിനിധി പി.വൈദേശ്വരി റാവു, ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് സീനിയർ മാനേജർ മനോജ് ദയ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ക്ലെയിമുകളിൽ കടുംവെട്ട്​; ആരോഗ്യ ഇൻഷുറൻസും പൊള്ളുന്നു

Aswathi Kottiyoor

പ്ല​സ് വ​ൺ പ്ര​വേ​ശ​നം: സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ചൊ​വ്വാ​ഴ്ച മു​ത​ൽ അ​പേ​ക്ഷി​ക്കാം

Aswathi Kottiyoor

ഇപ്പോൾ താരം കൊട്ടിയൂർ മേലെ പാൽച്ചുരം കോളനിയിലെ രമേശനാണ്

Aswathi Kottiyoor
WordPress Image Lightbox