കഴിഞ്ഞ 21നാണ് സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിലെ ലോക്കറിൽനിന്ന് 60 പവൻ കാണാതായെന്ന പരാതി പൊലീസിന് ലഭിച്ചത്. കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടന്ന് കാണിച്ച് എടമുട്ടം നെടിയിരിപ്പില്‍ സണ്ണിയുടെ ഭാര്യ സുനിതയാണ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
സേഫ് ലോക്കറിന്റെ മാസ്റ്റര്‍ കീ ബാങ്കിന്റെ കൈവശവും ലോക്കറിന്റെ കീ ലോക്കര്‍ ഉടമയുടെ കൈവശവുമാണുള്ളത്. എങ്ങനെ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നത് അന്ന് തന്നെ സംശയനിഴലിലായിരുന്നു. സത്യാവസ്ഥ അറിയുന്നതിനുവേണ്ടി ബാങ്ക് മാനേജരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുനിതയുടെ മാതാവ് സാവിത്രിയുടെയും പേരിലാണ് ലോക്കര്‍. അവസാനമായി സാവിത്രിയാണ് ലോക്കര്‍ തുറന്നിട്ടുള്ളത്. പരാതി അന്വേഷിച്ച് കൊണ്ടിരിക്കെയാണ് പരാതിക്കാരി കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തി സ്വര്‍ണം ബന്ധുവിന്റെ വീട്ടില്‍ മറന്ന് വച്ചതാണെന്നറിയിക്കുന്നത്.പിന്നീട് നടത്തിയ പരിശോധനയിൽ ബന്ധുവീട്ടിൽ നിന്നും സ്വർണ്ണം കണ്ടെടുത്തു. സഹകരണ ബാങ്കുകള്‍ക്കെതിരേ വ്യാപക ആരോപണങ്ങള്‍ നടക്കുന്ന സമയത്ത് തന്നെയാണ് കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാതായെന്ന പരാതി വന്നത്. ഇത് വലിയ ചർച്ചയുമായി. ലോക്കറിലെ സ്വർണ്ണം കാണാനില്ലെന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ബാങ്കും പൊലീസിൽ പരാതി നൽകിയിരുന്നു