25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാർഷികമേഖലയിൽ 60,000 തൊഴിൽദിനങ്ങളുമായി മുല്ലക്കൊടി റൂറൽ ബാങ്ക്‌ ; തരിശിട്ട 300 ഏക്കർ നെൽപ്പാടത്ത്‌ കാർഷിക വികസന പദ്ധതി
Kerala

കാർഷികമേഖലയിൽ 60,000 തൊഴിൽദിനങ്ങളുമായി മുല്ലക്കൊടി റൂറൽ ബാങ്ക്‌ ; തരിശിട്ട 300 ഏക്കർ നെൽപ്പാടത്ത്‌ കാർഷിക വികസന പദ്ധതി

കാർഷികമേഖലയിൽ 60,000 തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയുമായി മുല്ലക്കൊടി സഹകരണ റൂറൽ ബാങ്ക്‌. നെൽക്കൃഷിയിൽമാത്രം വർഷം 24,000 തൊഴിൽദിനമുണ്ടാകും. കൂടാതെ, പച്ചക്കറിക്കൃഷിയും ചെറുധാന്യക്കൃഷിയുമുണ്ട്‌. തരിശിട്ട 300 ഏക്കർ നെൽപ്പാടത്താണ്‌ സംസ്ഥാന സർക്കാരിന്റെ സാങ്കേതികവിദ്യാധിഷ്‌ഠിത സമഗ്ര കാർഷിക വികസന പദ്ധതി നടപ്പാക്കുന്നത്‌. കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, നാറാത്ത്‌ പഞ്ചായത്തുകളിലാണ്‌ ‘ഉർവരം 2023’ എന്ന പേരിൽ നടപ്പാക്കുന്നത്‌.

സർക്കാർ, കൃഷിവകുപ്പ്‌, കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം, പഞ്ചായത്തുകൾ, മയ്യിൽ റൈസ്‌ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ സഹകരണത്തോടെ ആദ്യഘട്ടത്തിൽ 2.50 കോടി രൂപയുടെ പദ്ധതിയാണ്‌ ഏറ്റെടുത്തത്‌. രണ്ടാംഘട്ടത്തിൽ 500 ഏക്കറിലേക്ക്‌ വ്യാപിപ്പിക്കും. മൊത്തം 4.50 കോടിയുടെ പദ്ധതി. ഇതിനായി ഓരോ പഞ്ചായത്തിലും ഭരണസമിതിയംഗങ്ങളുടെയും കൃഷി ഓഫീസർമാരുടെയും പാടശേഖരസമിതി ഭാരവാഹികളുടെയും യോഗം ചേർന്ന്‌ നിലമൊരുക്കൽ തുടങ്ങി.

പദ്ധതി തിങ്കൾ പകൽ 11ന്‌ ബാങ്കിന്റെ കരിങ്കൽകുഴി ശാഖാപരിസരത്ത്‌ എം വി ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും. സർക്കാർ സബ്‌സിഡി പൂർണമായി പ്രയോജനപ്പെടുത്തിയാകും കൃഷി. ഭൂമി വിട്ടുകൊടുക്കുന്നവർക്ക്‌ ഇൻസെന്റീവ്‌ നൽകും. നടത്തിപ്പിന്‌ താൽക്കാലിക ജീവനക്കാരെ നിയമിക്കും. ഏക്കറിൽ ആയിരം കിലോ നെല്ല്‌ ഉൽപ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. വിത്തും സാങ്കേതികസഹായവും മയ്യിൽ റൈസ്‌ പ്രൊഡ്യൂസർ കമ്പനി നൽകും. നെല്ല്‌ സംസ്‌കരിച്ച്‌ ബാങ്കിന്റെ ബ്രാൻഡിൽ വിൽപ്പന നടത്തും. മൂല്യവർധിത ഉൽപ്പന്നങ്ങളും വിപണിയിലിറക്കും. ബാങ്കിന്റെ കൊളച്ചേരിമുക്കിലുള്ള ഹെഡ്‌ ഓഫീസിലും 13 ശാഖകളിലും ഔട്ട്‌ലെറ്റുണ്ടാകും. ഇടവിളയായി ഉഴുന്നും പയറും രണ്ടാംവിളയായി 50 ഏക്കറിൽ ചെറുധാന്യങ്ങളും കൃഷി ചെയ്യും.

സ്‌കൂളുകളിലും അങ്കണവാടികളിലും പച്ചക്കറിക്കൃഷി
ബാങ്കുപരിധിയിലുള്ള 60 സ്‌കൂളിലും 150 അങ്കണവാടിയിലും പച്ചക്കറിത്തൈകൾ നട്ട ചട്ടികൾ സൗജന്യമായി നൽകും. വളംനിറച്ച ചട്ടികളിൽ വെള്ളം നനച്ച്‌ പരിചരിക്കേണ്ട ചുമതലമാത്രമേയുള്ളൂ. സ്‌കൂളുകൾക്ക്‌ പരാമാവധി 100 ചട്ടിയും അങ്കണവാടികൾക്ക്‌ 15 എണ്ണവും നൽകും. വർഷാവർഷം ഇതുണ്ടാകും. സംസ്ഥാനത്ത്‌ ഇത്തരമൊരു പദ്ധതി ആദ്യമാണെന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ കെ സി ഹരികൃഷ്‌ണൻ പറഞ്ഞു

Related posts

2023 ൽ കോടതികളുടെ അവധി ദിവസങ്ങൾ പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

വനിതാ കമ്മീഷൻ അധ്യക്ഷയായി പി സതീദേവി ചുമതലയേറ്റു

Aswathi Kottiyoor

ഒടുവിൽ കൺസഷൻ: രേഷ്മയ്ക്ക് പാസ് വീട്ടിലെത്തിച്ച് നൽകി കെഎസ്ആർടിസി

Aswathi Kottiyoor
WordPress Image Lightbox