23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എച്ച്‌ഇസിയിൽ ദുരിതം ; 3000 ജീവനക്കാർക്ക്‌ 
20 മാസമായി ശമ്പളമില്ല
Kerala

എച്ച്‌ഇസിയിൽ ദുരിതം ; 3000 ജീവനക്കാർക്ക്‌ 
20 മാസമായി ശമ്പളമില്ല

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹെവി എൻജിനിയറിങ്‌ കോർപറേഷനിലെ (എച്ച്‌ഇസി) എൻജിനിയർമാരും സാങ്കേതിക വിദഗ്‌ധരുമടക്കമുള്ള 3,000 പേർക്ക്‌ ഇരുപത്‌ മാസമായി ശമ്പളമില്ല. ഐഎസ്‌ആർഒ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ ഉപകരണങ്ങൾ നിർമിച്ചുനൽകുന്ന കമ്പനിയാണിത്‌. ഐഎസ്‌ആർഒയുടെ ചാന്ദ്രയാൻ –- മൂന്ന്‌ ദൗത്യം വിജയിച്ചതിൽ അഭിമാനിക്കുമ്പോഴാണ്‌ അതിന്‌ ലോഞ്ച്‌പാഡ്‌ അടക്കം നിർമിച്ച ജീവനക്കാർക്ക്‌ ശമ്പളം മുടങ്ങിയത്‌. മുടങ്ങിയ ശമ്പളം നൽകാൻ 130 കോടി രൂപ വേണ്ടിവരും.

രാജ്യത്തെ ഏറ്റവും പഴക്കമുള്ള പൊതുമേഖലാ സ്ഥാപനമാണ്‌ റാഞ്ചി ആസ്ഥാനമായ എച്ച്‌ഇസി. ഭിലായ്‌, റൂർഖല, വിശാഖപട്ടണം, ദുർഗാപുർ എന്നിവിടങ്ങളിലെ വൻകിട ഇരുമ്പ്‌ –- ഉരുക്ക്‌ കമ്പനികൾക്കാണ്‌ ഇവിടെനിന്ന്‌ ഉപകരണങ്ങൾ നിർമിച്ചുനൽകുന്നത്‌. എച്ച്‌ഇസിയുടെ ഹെവി മെഷീൻ ടൂൾസ്‌ പ്ലാന്റ്‌ (എച്ച്‌എംടിപി), ഹെവി മെഷീൻ ബിൽഡിങ്‌ പ്ലാന്റ്‌ (എച്ച്‌എംബിപി), ഫൗണ്ടറി ഫോർജ്‌ പ്ലാന്റ്‌ (എഫ്‌എഫ്‌പി) എന്നീ ഡിവിഷനുകളാണ്‌ ഉപകരണങ്ങൾ നിർമിച്ച്‌ നൽകുന്നത്‌.

ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന്‌ ഭൂരിഭാഗം ജീവക്കാരും പിഎഫ്‌ പിൻവലിച്ചിരിക്കുകയാണ്‌. ജീവനക്കാരുടെ വായ്‌പ തിരിച്ചടവും മുടങ്ങി. ജീവിക്കാനായി പലരും തട്ടുകടകളിലും വസ്‌ത്രനിർമാണ കമ്പനികളിലും താൽക്കാലിക ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്‌. ചിലർ ഓട്ടോഡ്രൈവർമാരായി. പ്രശ്‌നം നിരവധി തവണ ജീവനക്കാരുടെ സംഘടനകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. എച്ച്‌ഇസിയുടെ തലവൻ സിഎംഡിയാണ്‌. ഇപ്പോൾ ഈ തസ്‌തികയിൽ ആളില്ല. ഭാരത്‌ ഹെവി ഇലക്‌ട്രിക്കൽസ്‌ സിഎംഡിക്കാണ്‌ എച്ച്‌ഇസിയുടെ ചുമതല.

Related posts

മാലിന്യം കുമിഞ്ഞ് വയനാടൻ ചുരങ്ങൾ; നിയമലംഘകരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് നാട്ടുകാർ

Aswathi Kottiyoor

ഇരുചക്രവാഹനത്തിൽ കുടചൂടിയുള്ള യാത്ര നിരോധിച്ചു

Aswathi Kottiyoor

*ജില്ലാതല ക്വിസ് മത്സരം 15ന്*

Aswathi Kottiyoor
WordPress Image Lightbox