ശമ്പളത്തിന് ആനുപാതികമായ ഉയർന്നപെൻഷന് അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ തൊഴിലുടമകൾക്ക് മൂന്നുമാസം കൂടി സമയം നൽകിയതായി ഇപിഎഫ്‌ഒ. അപേക്ഷകരുടെ ശമ്പളവിവരങ്ങൾ നൽകാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
ഉയർന്ന പെൻഷനുള്ള ജോയിന്റ് ഓപ്‌ഷൻ ജീവനക്കാർ തെരഞ്ഞെടുക്കുകയും തൊഴിലുടമകൾ അത് ശരിവെക്കുകയും ചെയ്യണം. നിലവിലെ കണക്കുകൾ പ്രകാരം ജീവനക്കാരുടെ 5.52 ലക്ഷം അപേക്ഷകൾ കൂടി തൊഴിലുടമകൾ ശരിവെക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ വിവരങ്ങൾ നൽകാൻ ഡിസംബർ 31 വരെ സമയം അനുവദിച്ചതായി ഇപിഎഫ്‌ഒ അറിയിച്ചു.