വൈശാഖോത്സവ കാലത്തിന് മുൻപ് പാലം പണി പൂർത്തിയാക്കും എന്ന പ്രഖ്യാപനത്തോടെയാണ് നിർമാണം തുടങ്ങിയത്. എന്നാൽ ഒറ്റ തൂൺ മാത്രം പൂർത്തിയാക്കി പണി നിർത്തിവച്ചു. സുരക്ഷാ ഭിത്തിയും ഭാഗികമായി നിർമിച്ചു.
പാലുകാച്ചി, ഒറ്റപ്ലാവ്, പന്നിയാംമല തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്നതിന് നാട്ടുകാർ ഉപയോഗിച്ചിരുന്ന നീണ്ടുനോക്കിയിലെ ഈ പാലം നിർമിക്കുന്നതു വരെ താൽക്കാലികമായി ഒരു പാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കരാറുകാരോ മരാമത്ത് വകുപ്പോ താൽക്കാലിക പാലം നിർമിക്കാൻ തയാറായില്ല. ഇതേ തുടർന്നാണ് നാട്ടുകാർ താൽക്കാലിക പാലം നിർമിച്ചത്. ആദ്യ രണ്ട് പാലങ്ങളും മഴക്കാലത്ത് ഒഴുകി പോയതോടെയാണ് പുഴ കടക്കാൻ വീണ്ടും താൽക്കാലിക നടപ്പാലം നിർമിക്കാൻ തുടങ്ങിയത്.
മുൻപ് 50 മീറ്റർ നീളം മാത്രം വരുന്ന പാലം കടന്നാൽ കൊട്ടിയൂർ ടൗണിൽ എത്തിയിരുന്ന നാട്ടുകാർക്ക് ഇപ്പോൾ മൂന്ന് കിലോമീറ്ററോളം നടന്ന് വേണം ടൗണിൽ എത്താൻ. ഈ അവസ്ഥയ്ക്ക് താൽക്കാലിക പരിഹാരം കാണാനാണ് കൊട്ടിയൂർ ടൗണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യാപാരികളും നാട്ടുകാരും ചേർന്ന് താൽക്കാലിക പാലം നിർമാണം തുടങ്ങിയത്