കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്‌ത വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷനെ ഒരുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഇഡിക്ക് കർശനനിർദേശം നൽകി. അരവിന്ദാക്ഷനൊപ്പം അറസ്റ്റ് ചെയ്‌ത കരുവന്നൂർ സഹകരണ ബാങ്ക് ചീഫ് അക്കൗണ്ടന്റ് സി കെ ജിൽസിനെയും ഒരുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. വ്യാഴം വൈകിട്ട് നാലുവരെയാണ് കസ്റ്റഡി. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ 30ന് പരിഗണിക്കും.
മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ഇഡി ആദ്യം നൽകിയത്. പിന്നീട് ഒരു ദിവസം മതിയെന്നായി. എട്ടു ദിവസം ചോദ്യംചെയ്യലിന് ഹാജരായതാണെന്നും ഇഡി ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും കൈമാറിയെന്നും അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചു. ചോദ്യംചെയ്യുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പറഞ്ഞു. അന്വേഷണവുമായി പൂർണമായി സഹകരിച്ചതായും ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അരവിന്ദാക്ഷനുവേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർച്ചയായി മൂന്നുമണിക്കൂർ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന കർശന ഉപാധിയോടെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇടവേളയിൽ അഭിഭാഷകനോടും വീട്ടുകാരോടും സംസാരിക്കാൻ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
ഇഡി ചോദ്യം ചെയ്‌തു
കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഇഡി മൂന്നുപേരെക്കൂടി ചോദ്യം ചെയ്‌തു. ഒന്നാംപ്രതി തൃശൂർ സ്വദേശി സതീഷ്‌കുമാറിന്റെ ഭാര്യ ബിന്ദു, ചാർട്ടേർഡ് അക്കൗണ്ടന്റ് സനിൽ കുമാർ, തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എൻ ബി ബിനു എന്നിവരെയാണ് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്‌തത്.