24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വികസനക്കുതിപ്പിൽ സിയാൽ ; ഏഴ്‌ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോ. 2ന
Kerala

വികസനക്കുതിപ്പിൽ സിയാൽ ; ഏഴ്‌ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോ. 2ന

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) ചരിത്രത്തിലെ ഉയർന്ന വികസനക്കുതിപ്പിന്‌ തുടക്കമിട്ട്‌ ഏഴു പദ്ധതികൾക്ക്‌ തുടക്കമിടുന്നു. സിയാലിൽ പൂർത്തിയായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നാല് പദ്ധതികളുടെ നിർമാണോദ്ഘാടനവും ഒക്ടോ. രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെർമിനൽ വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക്സ്‌ സുരക്ഷാവലയം എന്നിവയുടെ നിർമാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിർവഹിക്കുക.

കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ചയനുസരിച്ചാണ്‌ പദ്ധതികൾ സജ്ജമാക്കിയിട്ടുള്ളത്. നിലവിലെ അന്താരാഷ്ട്ര ടെർമിനലിന്റെ വടക്കുഭാഗത്തുകൂടി പുതിയ ഏപ്രൺ നിർമിക്കും.15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രണിൽ എട്ട് പുതിയ എയ്‌റോബ്രിഡ്ജുകൾ ഉൾപ്പെടെ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് അന്താരാഷ്ട്ര ടെർമിനൽ വികസനം. ഇതോടെ വിമാന പാർക്കിങ്‌ ബേയുടെ എണ്ണം 44 ആകും. പദ്ധതിയുടെ ഒന്നാംഘട്ടത്തിനാണ് തറക്കല്ലിടുന്നത്.

ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പ്രതിവർഷ കാർഗോ ശേഷി രണ്ട് ലക്ഷം മെട്രിക് ടണ്ണാകും. നിലവിലെ കാർഗോ സ്ഥലം കയറ്റുമതി ആവശ്യങ്ങൾക്ക് ഉപയോഗിക്കും. യാത്രക്കാർക്ക് ഹ്രസ്വമായ വിശ്രമത്തിന് രണ്ടാംടെർമിനലിന് സമീപം ലക്ഷ്വറി എയ്‌റോ ലോഞ്ചിന്‌ തറക്കല്ലിടും. 42 ആഡംബര ഗസ്റ്റ് റൂമുകൾ, റസ്‌റ്റോറന്റ്‌, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീർണമാണ് എയ്റോ ലോഞ്ചിനുള്ളത്.
വിമാനത്താവള ടെർമിനലുകളിലെ പുറപ്പെടൽ പ്രക്രിയ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്യക്ഷമവും സുഗമവുമാക്കുന്ന സംവിധാനമാണ് ഡിജി യാത്ര. ഡിജിയാത്ര സോഫ്‌റ്റ്‌വെയർ രൂപകൽപ്പന ചെയ്തത് സിയാൽ ഐടി വിഭാഗമാണ്. ആഭ്യന്തര ടെർമിനലിൽ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കും. ബെൽജിയത്തിൽനിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകളാണ് ഇവിടെ ഉപയോഗിക്കുക.

വിമാനത്താവള അഗ്‌നി രക്ഷാസേനയെ എയർപോർട്ട് എമർജൻസി സർവീസാക്കി ആധുനികവൽക്കരിക്കും. അടിയന്തരാവശ്യ വാഹനവ്യൂഹത്തിലേക്ക്‌ വാങ്ങിയ രണ്ട് ഓസ്ട്രിയൻ നിർമിത ഫയർ എൻജിനുകൾ, മറ്റു ആധുനിക വാഹനങ്ങൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനവും നടക്കും. ഓപ്പറേഷണൽ സുരക്ഷ വർധിപ്പിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയം പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പിഐഡിഎസ്) എന്ന സംവിധാനത്തിന്റെ നിർമാണോദ്ഘാടനവും നടക്കും. വിമാനത്താവളത്തിന്റെ 12 കിലോമീറ്റർ സുരക്ഷാമതിലിൽ വൈദ്യുതവേലിയും ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറും തെർമൽ കാമറകളും സ്ഥാപിച്ച് സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ കേന്ദ്രവുമായി ബന്ധപ്പെടുത്തും. സിയാൽ ഗോൾഫ് കോഴ്‌സിൽ വിനോദസഞ്ചാര സാധ്യതയുടെ ഭാഗമായി റിസോർട്ടുകൾ, വാട്ടർഫ്രണ്ട് കോട്ടേജുകൾ, കോൺഫറൻസ് ഹാൾ, സ്‌പോർട്‌സ് സെന്റർ എന്നിവയാണ് നിർമിക്കുന്നത്. ഏഴ് മെഗാ പ്രോജക്ടുകൾ നടപ്പാക്കി നൂതനമായ യാത്രയ്‌ക്ക് സിയാൽ തുടക്കംകുറിക്കുകയാണെന്ന്‌ എംഡി എസ് സുഹാസ് പറഞ്ഞു.

1000 കോടി മൊത്തവരുമാനം ലക്ഷ്യം: മുഖ്യമന്ത്രി
നടപ്പുസാമ്പത്തികവർഷം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (സിയാൽ) 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് കമ്പനി ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിയാൽ ഓഹരിയുടമകളുടെ 29––ാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൊത്തവരുമാനവും ലാഭവുമാണ്‌ പോയവർഷം കമ്പനി കൈവരിച്ചത്‌. 770.91 കോടി രൂപയാണ് മൊത്തവരുമാനം. അറ്റാദായം 265.08 കോടി രൂപ. അവകാശ ഓഹരി വിതരണത്തിലൂടെ 478.22 കോടി രൂപ സിയാൽ സമാഹരിച്ചു. സംസ്ഥാന സർക്കാരിന് സിയാലിലുള്ള ഓഹരി പങ്കാളിത്തം 33.38 ശതമാനമായി ഉയർന്നു. ഓഹരിയുടമകൾക്ക് 35 ശതമാനം ലാഭവിഹിതം നൽകാനും തീരുമാനിച്ചു. 167.38 കോടി രൂപയാണ് ലാഭവിഹിതമായി നൽകുക.
മന്ത്രിമാരായ പി രാജീവ്, കെ രാജൻ, സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, ഡയറക്ടർമാരായ ഇ കെ ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ വി ജോർജ്, ഇ എം ബാബു, പി മുഹമ്മദലി, കമ്പനി സെക്രട്ടറി സജി കെ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

അനധികൃത സ്വത്ത്‌: കർണാടകത്തിൽ മലയാളിക്ക്‌ തടവ്‌

Aswathi Kottiyoor

കാട്ടുപന്നിയെ കൊല്ലാന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍; വനംവകുപ്പ് ഉത്തരവായി

Aswathi Kottiyoor

കോവാക്സിന് ഇനിയും അനുമതിയില്ല; കൂടുതൽ വ്യക്തത തേടി ഡബ്ല്യു.എച്ച്.ഒ, നവംബർ മൂന്നിന് വീണ്ടും യോഗം.

Aswathi Kottiyoor
WordPress Image Lightbox