സഹോദരൻമാർ നല്ലനിലയിലാണെന്നും അവർ പരിരക്ഷിക്കുമെന്നുമുള്ള കാരണംകാട്ടി പിതാവിന്റെ പേരിലുള്ള സ്വാതന്ത്ര്യ സമര പെൻഷൻ വിവാഹ മോചിതയായ മകൾക്ക് നിഷേധിക്കരുതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
അപേക്ഷ നിരസിച്ചതിനെതിരെ നീന നൽകിയ ഹർജിയിൽ റദ്ദാക്കിയ അപേക്ഷ നാലുമാസത്തിനകം സർക്കാർ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നല്ല നിലയിൽ കഴിയുന്ന സഹോദരന്മാർ സഹോദരിയെ പരിപാലിക്കുമെന്ന ധാരണയിലാണ് ഹർജിക്കാരിയുടെ അപേക്ഷ സർക്കാർ നിരസിച്ചത്.
എന്നാൽ സർക്കാർ ഉത്തരവിലുള്ളത് അനുമാനമാണെന്നും എല്ലാക്കാലത്തും സഹോദരൻമാർ സഹോദരിമാരെ സംരക്ഷിക്കുമെന്നത് നീതികരിക്കാവുന്ന ധാരണയല്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. പിതാവിനു ലഭിച്ചു കൊണ്ടിരുന്ന പെൻഷന് അദ്ദേഹത്തിന്റെ ആശ്രിതയെന്ന നിലയിൽ വിവാഹ മോചിതയായ തനിക്ക് ലഭിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ സമ്പന്നരായ സഹോദരൻമാർ സഹോദരിയെ സംരക്ഷിക്കുമെന്ന് അനുമാനിച്ചതിൽ തെറ്റില്ലെന്നും ചട്ടപ്രകാരം, ഏറ്റവും അർഹതയുള്ള വിഭാഗത്തിൽ ഹർജിക്കാരി ഉൾപ്പെടുന്നില്ലെന്നും സർക്കാർ വാദിച്ചു.
സഹോദരിയായതിനാൽ എല്ലാക്കാലവും സഹോദരന്മാരെ ആശ്രയിക്കണമെന്നത് ഇക്കാലത്ത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി പുരുഷാധിപത്യപരമായ നിഗമനമാണിതെന്നും അഭിപ്രായപ്പെട്ടു. ഊഹങ്ങൾ അനുസരിച്ചല്ല, വസ്തുതകളാണ് പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.