സംസ്ഥാന പൊലീസിന്റെ ആന്റി നർകോട്ടിക്സ് ടാസ്ക് ഫോഴ്സ് സംസ്ഥാന വ്യാപകമായി ലഹരി വേട്ട തുടങ്ങി. ‘ഡി ഹണ്ട്’ എന്ന പേരിൽ 1373 സ്ഥലങ്ങളിൽ നടന്ന റെയ്ഡ് ഏകോപിപ്പിച്ചത് ടാസ്ക്ഫോഴ്സ് തലവനായ ക്രമസമാധാന എഡിജിപി എം.ആർ.അജിത് കുമാറാണ്. സ്ഥിരം ലഹരികടത്തുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലുമായിരുന്നു പരിശോധന. നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 246 കേസ് റജിസ്റ്റർ ചെയ്തു. 244 പേരെ അറസ്റ്റ് ചെയ്തു. രാജ്യാന്തര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുകളായ എംഡിഎംഎയും കിലോക്കണക്കിനു കഞ്ചാവും ഹഷീഷ് ഓയിലും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു.കൊച്ചിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്– 61. സ്ഥിരം ഇടപാടുകാരുടെ ഡേറ്റാ ബാങ്ക് തയാറാക്കുകയും ലഹരിക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരുമായി ബന്ധമുള്ള വ്യക്തികളെ ഒരു മാസത്തോളം നിരീക്ഷിക്കുകയും ചെയ്തശേഷമാണ് ഓപ്പറേഷൻ ഡി ഹണ്ട് നടത്താൻ പൊലീസ് മേധാവി നിർദേശം നൽകിയത്.
സേവ് ചെയ്യാം, ഈ നമ്പർ: 94979 27797
ലഹരിമരുന്ന് സംബന്ധിച്ച രഹസ്യവിവരങ്ങൾ പൊലീസിന് കൈമാറുന്നതിന് എഡിജിപി എം.ആർ.അജിത്കുമാറിന്റെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർകോട്ടിക് കൺട്രോൾ റൂം തുടങ്ങി. 94979 27797 ഇൗ നമ്പറിൽ വാട്സാപ്പിലും അല്ലാതെയും വിവരങ്ങൾ അറിയിക്കാം. വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.