സർക്കാർ വാഹനങ്ങളെല്ലാം ഒറ്റ ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്യും. നിലവിൽ അതതു ജില്ലകളിലെ ആർടി ഓഫിസുകളിൽ റജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങളും ഇൗ ഓഫിസിൽ റീ റജിസ്റ്റർ ചെയ്യണം. സർക്കാർ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് ഈ സംവിധാനം. സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ കെഎൽ 90 എന്ന റജിസ്ട്രേഷൻ സീരീസ് ആയിരിക്കും. പഴയ വാഹനങ്ങൾ വീണ്ടും റജിസ്റ്റർ ചെയ്യുമ്പോഴും ഈ നമ്പർ നൽകും. കെഎൽ 90 എ സംസ്ഥാന സർക്കാർ, കെഎൽ 90 ബി കേന്ദ്രസർക്കാർ, കെഎൽ 90 സി തദ്ദേശ സ്ഥാപനങ്ങൾ, കെഎൽ 90 ഡി സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നൽകുക
സർക്കാരിന് എത്ര വാഹനമുണ്ടെന്നു കണ്ടെത്താൻ വിവിധ വഴികൾ തേടിയെങ്കിലും അതൊന്നും പൂർണവിജയമായില്ല. തുടർന്നാണ് എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്–2 ൽ റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. എല്ലാ പഞ്ചായത്തുകളുടെയും വാഹനങ്ങൾ തിരുവനന്തപുരത്താകും റജിസ്റ്റർ ചെയ്യുക. ഇത് ഓൺലൈൻ വഴി ചെയ്യാനും അവസരമുണ്ട്. കെഎസ്ആർടിസി വാഹനങ്ങൾ മാത്രമാണ് നേരത്തേ ഒറ്റ ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തിരുന്നത്. അത് ഇനിയും തുടരും. തിരുവനന്തപുരം റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് –1 ലാണ് കെഎസ്ആർടിസി ബസുകൾ റജിസ്റ്റർ ചെയ്യേണ്ടത്. ഇൗ രണ്ടിടത്തും സ്വകാര്യവാഹനങ്ങളുടെ റജിസ്ട്രേഷൻ ഇല്ല