2018 ലെ ഒരു യോഗത്തിനിടെ ജസ്റ്റിൻ ട്രൂഡോയ്ക്ക് നൽകിയ ‘എ-വിഭാഗം’ ഭീകരരുടെ പട്ടിക ഉദ്ധരിച്ച അദ്ദേഹം, അതിനെ കാനഡ അവഗണിച്ചുവെന്നും ആരോപിച്ചു. ‘‘2018 ഫെബ്രുവരിയിൽ അമൃത്‌സറിൽ വച്ച് കേന്ദ്ര സർക്കാരിനു വേണ്ടി പഞ്ചാബ് മുഖ്യമന്ത്രി എന്ന നിലയിൽ ട്രൂഡോയെ കണ്ടപ്പോൾ, നടപടിക്കായി ഒൻപത് എ കാറ്റഗറി ഭീകരരുടെ പട്ടിക കൈമാറിയിരുന്നു. എന്നാൽ, കനേഡിയൻ സർക്കാർ പട്ടികയെ പൂർണമായും അവഗണിക്കാൻ തീരുമാനിച്ചു’’– അദ്ദേഹം പറഞ്ഞു. ട്രൂഡോ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച്, ‘അദ്ദേഹം തീവ്രവാദ ഗാലറിയിൽ നിന്ന് കളിക്കുമ്പോൾ അതിശയിക്കാനില്ല’ എന്നും അമരിന്ദർ കൂട്ടിച്ചേർത്തു.
കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കും ഹിന്ദു ആരാധനാലയങ്ങൾക്കും നേരെയുള്ള മുൻകാല ആക്രമണങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ കനേഡിയൻ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. കനേഡിയൻ മണ്ണിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ തടയാത്തതിന് ട്രൂഡോയെ കടന്നാക്രമിച്ച അമരിന്ദർ, അട്ടിമറിപ്രവര്‍ത്തനങ്ങളെ ട്രൂഡോ ‘ആവിഷ്കാര സ്വാതന്ത്ര്യം’ എന്ന ഒഴികഴിവ് പറഞ്ഞ് തള്ളിക്കളയുകയാണെന്നും ആരോപിച്ചു. ഇന്ത്യയ്ക്കെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭീകരരെ കൈമാറാൻ കാനഡയുടെ മേൽ രാജ്യാന്തര സമ്മർദം ശക്തമാക്കണമെന്നും അമരിന്ദർ പറഞ്ഞു.