21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ; വരുമാനത്തിൽ 145 ശതമാനം വർധന
Kerala

കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ; വരുമാനത്തിൽ 145 ശതമാനം വർധന

കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ. 2022-23 സാമ്പതിക വർഷത്തിലാണ് മെട്രോ സുപ്രധാന നേട്ടം കൈവരിച്ചത്. പുതിയ സാമ്പത്തിക വർഷത്തിൽ മുൻവർഷത്തേക്കാൾ മെട്രോ 145 ശതമാനം അധികവരുമാനം നേടിയതായി കെഎംആർഎൽ അറിയിച്ചു. 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടിയിലേക്കാണ് മെട്രോയുടെ വരുമാനം വർധിച്ചത്.

2017 ജൂണിലാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ചത്. 2017 ജൂണിൽ 59894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ എണ്ണം 52254 ആയി ഉയർന്നു. 2018ൽ യാത്രക്കാരുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ പോയില്ല. എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു.

കോവിഡ് കാലത്ത് 2021 മെയ് മാസം യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു. കോവിഡിന് ശേഷം 2021 ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 12000 ആയി ഉയർന്നു. പിന്നീട് കെഎംആർഎല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടർച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരെ കൊച്ചി മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി യാത്രക്കാരുടെ എണ്ണം 75000 കടന്നു. 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80000 കടക്കുകയും പിന്നീട് സ്ഥരിതയോടെ ഉയർന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തി. യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധന ഫെയർ ബോക്സ് വരുമാനം ഉയരുന്നതിനും സഹായകരമായി.

2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന ഫെയർ ബോക്സ് വരുമാനം 2022-23 സാമ്പത്തിക വർഷത്തിൽ 75.49 കോടി രൂപയിലേക്കുയർന്നു. 2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 485 ശതമാനം വർദ്ധനവാണിത്. നോൺ ഫെയർ ബോക്സ് വരുമാനത്തിനും മികച്ച വളർച്ചയാണുണ്ടായത്. നോൺ ഫെയർ ബോക്സ് വരുമാനം 2020-21 സാമ്പത്തിക വർഷം 41.42 കോടി രൂപയിൽ നിന്ന് 2022-23 വർഷത്തിൽ 58.55 കോടി രൂപയായി ഉയർന്നു.

2022-23 വർഷത്തിൽ കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിച്ചെങ്കിലും 2020-21 വർഷത്തേക്കാൾ ഏകദേശം 15 ശതമാനം വർദ്ധനവ് മാത്രമാണ് പ്രവർത്തന ചെലവിൽ വന്നിരിക്കുന്നത്. വിവിധ ചെലവ് ചുരുക്കൽ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. 2020-21 സാമ്പത്തിക വർഷത്തിൽ 56.56 കോടി രൂപയിൽ നിന്ന് 2021-2022 ൽ ഓപ്പറേഷൽ ലോസ് 34.94 കോടി രൂപയിലേക്ക് കുറയ്ക്കാൻ കെഎംആർഎല്ലിന് സാധിച്ചിരുന്നു. തുടർച്ചയായ പരിശ്രമത്തിലൂടെ ഓപ്പറേഷൽ ലോസ് ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷൽ പ്രോഫിറ്റ് നേടാനും 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് സാധ്യമായി.

വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയതും സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ സ്ഥാപിച്ചതും യാത്രക്കാരെ ആകർഷിക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ക്യാംപെയിനുകളും വിജയം കണ്ടു. യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുന്നത് വഴിയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. പ്രവർത്തനമാരംഭിച്ച് കുറഞ്ഞ കാലയളവിൽ ഒപ്പേറഷണൽ പ്രോഫിറ്റ് എന്ന ഈ നേട്ടം കെഎംആർഎല്ലിന്റെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമാണ് എന്ന് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ പറഞ്ഞു.

Related posts

തിരികെ സ്കൂളിൽ’: 46 ലക്ഷം കുടുംബശ്രീ വനിതകൾ വിദ്യാലയങ്ങളിലേക്ക്

Aswathi Kottiyoor

ഇന്ന് ലോക വനദിനം: ‘ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും ഓർക്കേണ്ട ഒന്നാണ് നമ്മുടെ കാട്’

Aswathi Kottiyoor

ബ​ഫ​ര്‍ സോ​ണ്‍ : പ്രാ​ദേ​ശി​ക പ്ര​ത്യേ​ക​ത​ക​ൾ കണക്കിലെടുക്കുമെന്ന് വിദഗ്ധസമിതി

Aswathi Kottiyoor
WordPress Image Lightbox