തനിക്ക് ശിക്ഷ വിധിക്കുമ്പോൾ 1958 ലെ ജയിൽ നിയമമാണ് ബാധകമെന്നും അതിനാൽ ഈ നിയമം അനുസരിച്ച് ജീവപര്യന്തം ശിക്ഷ പൂർത്തിയായ സാഹചര്യത്തിൽ ജയിൽ മോചനം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേരത്തെ കേസിൽ വാദം കേൾക്കുമ്പോൾ ഈ ആവശ്യത്തെ സംസ്ഥാന സർക്കാർ അതിശക്തമായി എതിർത്തിരുന്നു. സംസ്ഥാന സർക്കാർ പുതിയ പ്രിസൺ ആക്ട് നടപ്പിലാക്കിയെന്നും 2014 ൽ ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ പുറത്തിറക്കിയെന്നും ഈ ചട്ടങ്ങൾ അനുസരിച്ച് പതിനാല് വർഷമായ തടവുകാരുടെ കാര്യത്തിൽ സാധാരണ സംസ്ഥാനം തീരുമാനം എടുക്കാറുണ്ടെന്നും കോടതിയെ അറിയിച്ചു.
സർക്കാരിന്‍റെ നയം അനുസരിച്ച് കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്യുന്നവരെയും കൊലപ്പെടുത്തുന്നവരെയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെയും അടക്കം കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നവരെ ജയിൽ മോചിതരാക്കേണ്ടെന്നാണ് സർക്കാരിന്റെ നയമെന്ന് സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ ഹർഷദ് വി ഹമീദ് കോടതിയിൽ വാദിച്ചിരുന്നു. ഉപദേശക സമിതി ഒന്നിലേറെ തവണ മോചനത്തിന് ശുപാർശ ചെയ്തിട്ടും നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ജോസഫിന് മോചനം നിഷേധിച്ചെന്നാണ് ജോസഫിനായി ഹാജരായ അഭിഭാഷകൻ അഡോല്‍ഫ് മാത്യു വാദിച്ചത്. ദീർഘനാളായുള്ള ജോസഫിന്റെ ജയിൽ വാസം കണക്കിലെടുത്താണ് കോടതി നിലവിൽ ജയിൽ മോചനത്തിന് ഉത്തരവിട്ടിരിക്കുന്നത്.