29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വനിതാ സംവരണം 2024ൽ ഇല്ല ; നടപ്പാക്കുക മണ്ഡല പുനർനിർണയത്തിനുശേഷം
Kerala

വനിതാ സംവരണം 2024ൽ ഇല്ല ; നടപ്പാക്കുക മണ്ഡല പുനർനിർണയത്തിനുശേഷം

ന്യൂഡൽഹി
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന്‌ സീറ്റുകൾ വനിതകൾക്ക്‌ സംവരണം ചെയ്‌തുള്ള 128–-ാം ഭരണഘടനാ ഭേദഗതി ബിൽ ചൊവ്വാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചു. പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ആദ്യമായി ചേർന്ന ലോക്‌സഭയിൽ ‘നാരി ശക്തി വന്ദൻ അദിനിയം’ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിൽ പ്രഖ്യാപിച്ചത്‌. നിയമമന്ത്രി അർജുൻ റാം മെഘ്‌വാൾ ബില്ലവതരിപ്പിച്ചു.

അടുത്ത മണ്ഡല പുനർനിർണയത്തിനുശേഷം മാത്രമായിരിക്കും വനിതാ സംവരണം നടപ്പാക്കുകയെന്നാണ് ബില്ലിലെ സുപ്രധാന വ്യവസ്ഥ. മണ്ഡല പുനർനിർണയമാകട്ടെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത, അടുത്ത സെൻസസിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടക്കൂ. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വനിത സംവരണമുണ്ടാകില്ല. വനിതാ സംവരണം ഉടന്‍ നടപ്പാക്കാൻ സർക്കാരിന്‌ താൽപ്പര്യമില്ലെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്‌ത്രീകളുടെ വോട്ട്‌ മുന്നിൽ കണ്ടുള്ള ​ ‘ജ​ഗപൊ​ഗ’ മാത്രമാണ്‌ ബിൽ എന്നും വ്യക്തം. കൂടിയാലോചനകൾ കൂടാതെ ബിൽ കൊണ്ടുവന്നതിൽ ബിജെപിയിൽ ഒരു വിഭാഗം അതൃപ്‌തരാണ്‌.

ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന്‌ സീറ്റുകളിൽ 15 വർഷത്തേക്കാണ്‌ വനിതാ സംവരണമെന്ന്‌ ബിൽ വ്യവസ്ഥ ചെയ്യുന്നു. സംവരണ കാലാവധി പാർലമെന്റിന്‌ നിയമനിർമാണത്തിലൂടെ നീട്ടാം. വനിതാ സംവരണമായി മാറിയ മണ്ഡലങ്ങൾ അടുത്ത മണ്ഡല പുനർനിർണയംവരെ ആ നിലയിൽ തുടരും. ഓരോ പുനർനിർണയത്തിനുശേഷവും സംവരണ മണ്ഡലങ്ങൾ ഊഴമിട്ട്‌ മാറും.

എസ്‌സി എസ്‌ടി മണ്ഡലങ്ങൾക്കും വനിതാ സംവരണം ബാധകം. ഇതുംകൂടി ചേർത്താണ്‌ മൂന്നിലൊന്ന്‌ മണ്ഡലങ്ങൾ വനിതകൾക്കായി മാറ്റിവയ്‌ക്കുക. ലോക്‌സഭയിൽ എസ്‌സി എസ്ടി സംവരണം ഉറപ്പാക്കുന്ന 330–-ാം അനുച്ഛേദത്തിൽ വനിതകൾക്കുകൂടി സംവരണം അനുവദിച്ചുള്ള 330എ(1), (2), (3) വ്യവസ്ഥകൾ ബില്ലിൽ കൂട്ടിച്ചേർത്തു. സംസ്ഥാന നിയമസഭകളിൽ എസ്‌സി– -എസ്‌ടി സംവരണം ഉറപ്പാക്കുന്ന 332 അനുച്ഛേദത്തോടൊപ്പം എ(1), (2), (3) വ്യവസ്ഥകൾകൂടി വനിതാ സംവരണത്തിനായി ഉൾച്ചേർത്തു.

ലോക്‌സഭയിലെയും നിയമസഭകളിലെയും എസ്‌സി–- എസ്‌ടി സംവരണത്തിന്‌ നിശ്ചിത സമയപരിധി നിശ്ചയിച്ചുള്ള 334–-ാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തിയാണ്‌ വനിതാ സംവരണത്തിന്‌ 15 വർഷത്തെ കാലാവധി, ആവശ്യമെങ്കിൽ പാർലമെന്റിന്‌ സംവരണം നീട്ടാം, മണ്ഡലപുനർനിർണയത്തിനുശേഷം സംവരണം നിലവിൽ വരും തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്‌. 2010ൽ യുപിഎ ഭരണത്തിൽ സമാനമായ ബില്ല് അവതരിപ്പിച്ചിരുന്നു.

Related posts

അമിത നിരക്ക്: സംസ്ഥാനാന്തര ബസുകൾ പരിശോധിക്കാൻ സ്ക്വാഡ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Aswathi Kottiyoor

ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളും കംപ്യൂട്ടർവത്‌കരിക്കും

Aswathi Kottiyoor
WordPress Image Lightbox