24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇഡി ആയുധം ; ലക്ഷ്യം സഹകരണ ബാങ്കുകളുടെ അടിത്തറയിളക്കൽ
Kerala

ഇഡി ആയുധം ; ലക്ഷ്യം സഹകരണ ബാങ്കുകളുടെ അടിത്തറയിളക്കൽ

ഇഡിയെ ഉപയോഗിച്ച്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്‌ കേരളത്തിലെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കാൻ. ഇതിലൂടെ ബിജെപിക്ക്‌ രാഷ്‌ട്രീയനേട്ടം കൊയ്യാനുള്ള അന്തരീക്ഷം ഒരുക്കുന്ന ജോലിയും അന്വേഷണ ഏജൻസി ഏറ്റെടുക്കുന്നുണ്ട്‌. സഹകരണമേഖല തകർന്നാൽ അത്‌ ബിജെപിയുടെ തണലിൽ മറ്റു സംസ്ഥാനങ്ങളിൽ തഴച്ചുവളരുന്ന ചെറുകിട ധനബാങ്കുകൾക്കും അന്തർസംസ്ഥാന സഹകരണ സംഘങ്ങൾക്കും ഗുണകരമാകുമെന്നും ഇവർ കണക്കുകൂട്ടുന്നു.
33 മൾട്ടി സ്റ്റേറ്റ് സഹകരണ സംഘവും മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത 65 സഹകരണ സംഘവും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. ഇതിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാർ പരിരക്ഷയില്ല.

സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അനുമതിയുമില്ല. സംസ്ഥാന സഹകരണ നിയമം അനുസരിച്ചുള്ള ഒരു പരിശോധനയും അനുവദിക്കാറുമില്ല. ഓഡിറ്റടക്കം ഇവർ നിശ്ചയിക്കുന്ന രീതിയിലാണ്. സംസ്ഥാന സർക്കാരിന്റെ പുനരുദ്ധാരണ നിധിയിലും ഇവർ ഇല്ല. എന്നാൽ, സഹകരണ ബാങ്കുകളിൽ നിക്ഷേപത്തിന്‌ സുരക്ഷിതത്വവും ജനകീയ സേവനവും ഉറപ്പാണ്‌. പ്രവർത്തിക്കുന്നത് സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സഹകരണ സംഘങ്ങളുടെ നിയന്ത്രണാധികാരി സഹകരണ സംഘം രജിസ്ട്രാറാണ്.

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള സംവിധാനം അവയുടെ നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്‌. ഈ സാഹചര്യം തകർത്ത്‌ മൾട്ടി സ്റ്റേറ്റ് കോ–- ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനം എല്ലാ സംസ്ഥാനങ്ങളിലും വ്യാപിപ്പിച്ച് ബിജെപി അനുകൂലമായ ഒരു രാഷ്‌ട്രീയാന്തരീക്ഷം ഒരുക്കാനാണ്‌ ശ്രമിക്കുന്നത്‌. ഈ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചതോടെയാണ്‌ ഇഡിയെ രംഗത്തിറക്കിയത്‌.

മൾട്ടി സ്‌റ്റേറ്റ്‌ സംഘങ്ങൾക്ക്‌ 
വഴിയൊരുക്കാൻ ഇഡി
കേരളത്തിലെ സഹകരണമേഖലയാകെ അഴിമതിയാണെന്ന്‌ വരുത്തിത്തീർക്കാനുള്ള ഇഡിയുടെ നീക്കം ബിജെപി ആസൂത്രിതമായി തള്ളിക്കയറ്റുന്ന മൾട്ടി സ്‌റ്റേറ്റ്‌ സഹകരണ സംഘങ്ങൾക്ക്‌ വേരൂന്നാൻ. സഹകരണ ബാങ്കുകളിൽ തട്ടിപ്പ്‌ നടത്തുന്നവരെ പിടികൂടി ശിക്ഷിക്കുന്നതിനും അത്തരക്കാരെ അകറ്റിനിർത്തുന്നതിനും സർക്കാരും സിപിഐ എമ്മും കർശന നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. എന്നാൽ, തട്ടിപ്പുകാരെ ചൂണ്ടിക്കാട്ടി ഈ മേഖലയാകെ കുഴപ്പമാണെന്ന്‌ സ്ഥാപിക്കാനാണ്‌ ഇഡി ശ്രമം. സംസ്ഥാനത്തിനാകെ ദോഷം ചെയ്യുന്ന നീക്കത്തെ ചെറുക്കാൻ പ്രതിപക്ഷമോ മാധ്യമങ്ങളോ ശ്രമിക്കുന്നില്ലെന്നതും ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബിഹാർ, ഉത്തർപ്രദേശ്‌, ഗുജറാത്ത്‌ തുടങ്ങി സംസ്ഥാനങ്ങളിൽ ആസ്ഥാനവും ഡയറക്ടർബോർഡംഗങ്ങളുമുള്ള നിരവധി മൾട്ടി സ്‌റ്റേറ്റ്‌ സഹകരണ സംഘങ്ങളാണ്‌ കേരളത്തിലേക്ക്‌ കടന്നുവരുന്നത്‌. ഇത്തരത്തിലുള്ള 65 സംഘം തുടങ്ങിക്കഴിഞ്ഞു. പുതുതായി രജിസ്‌ട്രേഷൻ പട്ടികയിലുള്ള നൂറിൽ 15 എണ്ണം കേരളത്തിലേക്കാണ്‌. ഇഡി റെയ്ഡ്‌ ശക്തമാക്കിയിട്ടുള്ള തൃശൂർ ജില്ലയിൽ അയ്യന്തോൾ, തെക്കുംകര, കൂർക്കഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ മൾട്ടി സംഘങ്ങൾ തുടങ്ങി. പുതിയ പട്ടികയിലും തൃശൂരും പാലക്കാടും എറണാകുളത്തും സംഘങ്ങളുണ്ട്‌. പതിറ്റാണ്ടുകളായി കേരളത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളെ വ്യാജ കഥകളുണ്ടാക്കി പൊളിക്കുകയും നിക്ഷേപം ഇത്തരം മൾട്ടി സംഘങ്ങളിലേക്ക്‌ മാറ്റാനുമാണ്‌ നീക്കം. എന്നാൽ, മൾട്ടി സംഘങ്ങൾ പൊളിഞ്ഞാൽ ഡയറക്ടർബോർഡംഗങ്ങൾ വടക്കേ ഇന്ത്യയിലായതിനാൽ ആരോട്‌ ചോദിക്കുമെന്നുപോലും അറിയാത്ത അവസ്ഥയാണുള്ളത്‌. ഈ ബാങ്കുകൾ ഓഡിറ്റ്‌ അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സഹകരണ വകുപ്പുമായി സഹകരിക്കുന്നുമില്ല.

അനാവശ്യ ഭീതി സൃഷ്ടിക്കുക വഴി തിരുവനന്തപുരത്ത്‌ ബിജെപി നേതാക്കൾ നേതൃത്വം നൽകുന്നതും തൃശൂരും എറണാകുളത്തും യുഡിഎഫ്‌ നേതൃത്വം കൊടുക്കുന്നതുമായ പല സഹകരണ ബാങ്കുകളിലെയും നിക്ഷേപം പിൻവലിക്കാൻ അംഗങ്ങൾ എത്തുന്നുണ്ട്‌. സംഘങ്ങളെ കൂട്ടത്തോടെ തകർക്കാനുള്ള നീക്കമാണ്‌ സഹകരണം കൈകാര്യം ചെയ്യുന്ന അമിത്‌ ഷായും ഇഡിയും നടത്തുന്നതെന്നാണ്‌ ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്‌.

കേസെടുക്കാനും വാർത്തയുണ്ടാക്കാനും ഇഡി ; കൊടകരയിലും മഞ്ചേശ്വരത്തും ഇല്ലാത്ത ആവേശം കരുവന്നൂരിൽ
ബിജെപി നേതാക്കളുടെ കുഴൽപ്പണക്കവർച്ച ഒഴിവാക്കി കരുവന്നൂരിലെത്തിയ ഇഡിയുടെ രാഷ്‌ട്രീയ അജൻഡ കൂടുതൽ വ്യക്തമാകുന്നു. പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച്‌ മുപ്പതോളം കേസെടുത്ത്‌ കുറ്റക്കാരെ കണ്ടെത്തിയശേഷമാണ്‌ ഇഡി കരുവന്നൂരിലെത്തിയത്‌. ഓരോ നീക്കവും കൃത്യമായി മാധ്യമങ്ങൾക്ക്‌ നൽകാനും ഇല്ലാക്കഥകൾ വാർത്തയാക്കാനും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ തിടുക്കം കാട്ടി.

എ സി മൊയ്‌തീൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ വ്യാജവാർത്തകൾ മെനയാൻ കൂട്ടുനിൽക്കുന്നത്‌ ഇഡി ഉദ്യോഗസ്ഥരാണ്‌. അന്വേഷണത്തോട്‌ മൊയ്‌തീൻ സഹകരിച്ചിട്ടുണ്ട്‌. 11ന്‌ ചോദ്യംചെയ്യലിന്‌ ഹാജരായി. 22ന്‌ വീട്ടിൽ നടത്തിയ റെയ്‌ഡിൽ സഹകരിച്ചു. ചോദിച്ച രേഖകളെല്ലാം ഹാജരാക്കി. 19ന്‌ ഹാജരാകാൻ നോട്ടീസ്‌ നൽകിയിട്ട്‌ അസൗകര്യം ഉണ്ടെങ്കിൽ അറിയിക്കാൻ നിർദേശിച്ചിരുന്നു. നിയമസഭാ സാമാജികരുടെ പരിശീലനമുള്ളതിനാൽ എത്താൻകഴിയില്ലെന്ന്‌ അദ്ദേഹം അറിയിച്ചു.

എന്നാൽ, മനഃപൂർവം പങ്കെടുക്കാത്തതാണെന്നും ഒഴിഞ്ഞുമാറുന്നതാണെന്നും മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിച്ചു. പൊലീസിനെ അറിയിക്കാതെ നടപടികളെടുത്തിട്ട്‌ ‘കേരള പൊലീസ്‌ ഇഡിയോട്‌ സഹകരിക്കുന്നില്ല’ എന്നും വാർത്തയാക്കി.

ഇഡി നടത്തിയത്‌ ഭീകരതമാത്രം , അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ല : തൃശൂർ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌
തൃശൂർ സർവീസ്‌ സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഉദ്യോഗസ്ഥർ തുടർച്ചയായി 19 മണിക്കൂർ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ എം കെ കണ്ണൻ. തിങ്കളാഴ്‌ച രാവിലെ എട്ടരയോടെ ആരംഭിച്ച പരിശോധന ചൊവ്വാഴ്‌ച പുലർച്ചെ മൂന്നരയ്‌ക്കാണ്‌ അവസാനിപ്പിച്ചത്‌.

393 കോടി രൂപ നിക്ഷേപമുള്ള ബാങ്കിൽനിന്ന്‌ 334 കോടി രൂപ വായ്‌പ നൽകിയിട്ടുണ്ട്‌. 6.25 കോടി രൂപ ലാഭത്തിലുള്ള തൃശൂർ സഹകരണ ബാങ്ക്‌, കെവൈസി ചട്ടം പാലിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. ഇഡി സംഘം ഒരു ചോദ്യം ചെയ്യലും നടത്തിയിട്ടില്ല. ചില സംശയങ്ങൾ ചോദിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ബാങ്കിന്‌ ഒന്നും മറച്ചുവയ്‌ക്കാനില്ല. 25 ലക്ഷം രൂപ അക്കൗണ്ടുള്ള നൂറോളംപേരേ ബാങ്കിലുള്ളൂവെന്നും എം കെ കണ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പി സതീഷ്‌കുമാറിന്റെ പേരിലുള്ള അക്കൗണ്ട്‌ വിവരങ്ങൾ തേടിയെത്തിയ ഇഡിക്ക്‌ 2010ലെ രണ്ട്‌ അക്കൗണ്ട്‌ വിവരവും കൈമാറി. 19 മണിക്കൂർ നീണ്ട പരിശോധനയ്‌ക്കിടെ, പ്രസിഡന്റിനോട്‌ നാലു കാര്യം മാത്രമാണ്‌ ചോദിച്ചത്‌. കൃത്യമായി മറുപടിയും നൽകി. മറ്റു സമയങ്ങളിൽ വെറുതേ ഇരുന്ന അന്വേഷക സംഘം പുലർച്ചെയോടെ ബാങ്കിലെ മറ്റു അക്കൗണ്ട്‌ വിവരങ്ങളും ശേഖരിച്ച്‌ മടങ്ങി. ബാങ്കിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ സഹകരണ സംഘങ്ങളെ തകർക്കുന്ന പ്രവർത്തനമാണ്‌ ഇഡി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടപാടുകൾ 
സുതാര്യം: അയ്യന്തോൾ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌
അയ്യന്തോൾ സർവീസ്‌ സഹകരണ ബാങ്കിന്‌ ഒളിപ്പിക്കാൻ ഒന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും പ്രസിഡന്റ്‌ എൻ രവീന്ദ്രനാഥ്‌. വളപ്പായയിലെ സതീഷിന്റെ പേരിലുള്ള അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം തേടിയാണ്‌ ഇഡി സംഘം ബാങ്കിലെത്തിയത്‌. സതീഷ്‌ 2013ൽ ആരംഭിച്ച മൂന്ന്‌ അക്കൗണ്ടുകളുടെ വിവരം കൈമാറി. ക്രമക്കേടുകളോ മറ്റ്‌ തിരിമറിയോ ബാങ്കിൽ നടന്നതായി കണ്ടെത്താൻ ആയിട്ടില്ല. നിലവിൽ ബാങ്ക്‌ പൂർണമായും കെവൈസി മാനദണ്ഡം പാലിച്ച്‌ സുതാര്യമായാണ്‌ മുന്നോട്ടുപോകുന്നത്‌. നിക്ഷേപകർക്ക്‌ ആശങ്ക വേണ്ടെന്നും എല്ലാവരുടെ നിക്ഷേപവും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

TAGS :
ed raid

cooperative banks

സഹകരണ ബാങ്കുകൾ

ഇഡി

മറ്റു വാർത്തകൾ
ബിജെപി കുഴൽപ്പണം ; വർഷം 2 കഴിഞ്ഞിട്ടും തൊടാതെ ഇഡി
അനിൽ അക്കരയുടെ ഇഡി പ്രേമം ; കോൺഗ്രസിലും എതിർപ്പ്‌ , ഡിസിസിക്ക്‌ നേതാക്കളുടെ കത്ത്‌
ഇഡിയേയും കടത്തിവെട്ടി മാധ്യമങ്ങൾ
കേന്ദ്ര ഏജന്‍സികളുടെ നടപടി ജനങ്ങളെ അണിനിരത്തി നേരിടും: സിപിഐ എം
നിക്ഷേപകരെ അകറ്റാൻ ഇഡി;അയ്യന്തോളിലെ 
40 കോടി കെട്ടുകഥ
സഹകരണ സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്‌
ഹേമന്ദ്‌ സോറന്റെ ഹർജി: ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശം

Related posts

ഒമ്പതു ദിവസത്തെ പരിശോധന ; പിടികൂടിയത്‌ 212.5 കിലോ കഞ്ചാവും മാരക മയക്കുമരുന്നുകളും

Aswathi Kottiyoor

കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും

Aswathi Kottiyoor

കേളകം എച്ച്എസ്എസിൽ എസ്പിസി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം 17ന്

Aswathi Kottiyoor
WordPress Image Lightbox