തൃശൂർ∙ ഡിവൈഎഫ്ഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. അടുത്തിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ വിമർശനം.
ഒരു കൂട്ടർ നടത്തുന്ന ഇത്തരത്തിലുള്ള പ്രചാരണം സത്യമല്ലെന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ജോയ് മാത്യു വ്യക്തമാക്കി. തന്നെ ആശുപത്രിയിൽ എത്തിച്ച ആളുടെ പോസ്റ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.പൊതിച്ചോറും സൈബർ കഠാരയും’ എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ജോയ് മാത്യു ഡിവൈഎഫ്ഐയെ രൂക്ഷമായി പരിഹാസിക്കുന്നത്. ഒരാഴ്ചമുമ്പ് തനിക്ക് ഒരു വാഹനാപകടത്തിൽ പരിക്ക് പറ്റാനും ആശുപത്രിവാസം അനുഭവിക്കാനുമുള്ള യോഗമുണ്ടായെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ പരിചയമില്ലാത്തവർ പോലും എനിക്ക് സംഭവിച്ച അപകടത്തിൽ വേദനിക്കുകയും ആശ്വസിപ്പിക്കുവാനുമുണ്ടായത് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഊർജ്ജമായെന്നും ജോയ് മാത്യു കൂട്ടിച്ചേർക്കുന്നു.
ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്ന കൂട്ടർ എന്നാണ് ഡിവൈഎഫ്ഐയെ ജോയ് മാത്യു വിശേഷിപ്പിക്കുന്നത്. അവരുടെ സങ്കടം “ഞാൻ മയ്യത്തായില്ലല്ലോ “എന്നതായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയം മനസ്സിൽ കൊണ്ടുനടക്കുന്ന സൈബർ കൃമികൾക്ക് മറ്റുള്ളവരുടെ വീഴ്ചയും മരണവും ആഘോഷമാണല്ലോ. നവനാസികളുടെ മനോനിലയിലേക്ക് അധഃപതിച്ച ഇവറ്റകളുടെ തള്ളൽ പരാക്രമമാണെങ്കിലോ അവരുടെ നേതാക്കളെപ്പോലും നാണിപ്പിക്കുമെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.