ആയിരക്കണക്കിനു മലയോര കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന മനുഷ്യ- വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാനുള്ള പദ്ധതികള്‍ക്കായി സംസ്ഥാനം സമര്‍പ്പിച്ച 620 കോടി രൂപയുടെ ശുപാര്‍ശ കേന്ദ്രം തള്ളി. പദ്ധതിക്കാവശ്യമായ പണം സ്വയം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ശുപാര്‍ശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളിയത്.
ജനവാസമേഖലകളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങി കൃഷിക്കും മനുഷ്യജീവനും നാശമുണ്ടാക്കുന്നത് തടയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമഗ്രപദ്ധതിയാണിത്. ഇതോടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതിക്കുള്ള പണം കണ്ടെത്താനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. പണം കണ്ടെത്താനുള്ള വഴികള്‍ തേടാന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വനംവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും ഉള്‍പ്പെട്ട വിദഗ്ധ സമിതി രൂപീകരിച്ചു.
സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.
പ്രായോഗികവും സംയോജിതവുമായ സമീപനത്തിലൂടെ മനുഷ്യ- വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, വനം ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്ന് ക്ഷണിച്ചിരുന്നു.
1600ല്‍പരം നിര്‍ദേശങ്ങളില്‍നിന്ന് പ്രായോഗികമായ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് 620 കോടി രൂപയുടെ ശുപാര്‍ശ ഒന്നരവര്‍ഷംമുമ്പ് തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയത്. അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. വനംമന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. എന്നിട്ടും കേന്ദ്രം ആവശ്യം തള്ളി.
പത്തനംതിട്ടയിലെ ആറായിരത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ അപേക്ഷയും പരിഗണിച്ചില്ല. വനമേഖലകൂടി ഉള്‍പ്പെട്ടതിനാല്‍ പട്ടയവിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമാനുമതി ആവശ്യമുള്ളതിനാലാണ് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയത്