സംസ്ഥാനത്ത് ആയിരക്കണക്കിനു പേരെ കുടുക്കിയ ഓൺലൈൻ വായ്പ ആപ്പുകളുടെ ബുദ്ധികേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതു ചൈനയും തയ്‌വാനും കേന്ദ്രീകരിച്ചെന്നു പൊലീസ്. ഇവർ വിവിധ സംസ്ഥാനങ്ങളിലെ ഇടനിലക്കാരെ ഉപയോഗിച്ചാണു വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതെന്നും പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗം കണ്ടെത്തി. കഴിഞ്ഞ എട്ടര മാസത്തിനിടയിൽ മാത്രം സംസ്ഥാനത്ത് 1440 പേരാണ് ഓൺലൈൻ വായ്പ ആപ്പുകളുടെ തട്ടിപ്പിന് ഇരയായതായി പരാതി നൽകിയത്. ഇതിൽ 24 പരാതികളിൽ കേസെടുത്തെങ്കിലും ചുരുക്കം കേസുകളിൽ മാത്രമാണു പ്രതികളെ പിടികൂടിയത്.
സംസ്ഥാനത്ത് ഇത്തരം തട്ടിപ്പു സംഘങ്ങളുടെ കെണിയിൽ പെടുന്നതിൽ പകുതിയിലധികവും സ്ത്രീകളാണ്. വൻപലിശയും കൂട്ടുപലിശയും ചേർത്ത് ലക്ഷങ്ങൾ നഷ്ടമാകുന്നതിനൊപ്പം മാനവും നഷ്ടപ്പെടുമെന്ന ഭയം കാരണം പലരും കേസുമായി മുന്നോട്ടു പോകുന്നില്ല. പലർക്കും ഭീഷണി അവസാനിപ്പിക്കുകയും പണം നഷ്ടമാകുന്നതു തടയുകയും ചെയ്താൽ മതിയെന്ന അഭ്യർഥന മാത്രമാണുള്ളതെന്നു പൊലീസ് പറയുന്നു.
പ്രതികളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചാലും രാജ്യത്തിനു പുറത്തുള്ള സംഘങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന കാരണത്താൽ യഥാർഥ ആസൂത്രകരിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. വിവിധ ഏജൻസികളുടെ സഹായത്തോടെയാണു പൊലീസ് അന്വേഷണം നടത്തുന്നത്.
ഇന്ത്യയിലെ തട്ടിപ്പ് 3 തലങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടനിലക്കാരുടെ സഹായത്തോടെയാണ്. ഇതിൽ ഒരു വിഭാഗം തങ്ങളുടെ ബാങ്ക് അക്കൗണ്ട് താൽക്കാലികമായി തട്ടിപ്പു സംഘങ്ങൾക്കു നൽകുന്നവരാണ്. ഈ അക്കൗണ്ടുകളിലൂടെയാണു പണമിടപാട് നടത്തുന്നത്. രണ്ടാമത്തെ വിഭാഗം കോൾ സെന്റർ ജീവനക്കാരുടെ ജോലിയാണു ചെയ്യുക. ആദ്യവിഭാഗം, ആദ്യ ഘട്ടത്തിൽ മാന്യമായി ഉപഭോക്താക്കളോട് ഇടപെടും. പിന്നീടാണു ഭീഷണി. രണ്ടാമത്തെ വിഭാഗം ഭീഷണിപ്പെടുത്തുന്നവരാണ്.
ഉപഭോക്താക്കളുടെ ചിത്രം മോർഫ് ചെയ്തും മറ്റും പ്രചരിപ്പിക്കുന്നതു പുറംരാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളാണെന്നാണു പൊലീസ് കണ്ടെത്തിയത്. അവരെ പിടികൂടാനുള്ള പരിമിതികളാണ് അന്വേഷണത്തെ ദുർബലപ്പെടുത്തുന്നത്.