24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ പൂർണ്ണ സുരക്ഷിതം: മന്ത്രി മുഹമ്മദ് റിയാസ്
Kerala

സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ പൂർണ്ണ സുരക്ഷിതം: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ സുരക്ഷിതമായി സാധാരണനിലയിൽ തന്നെ മുന്നോട്ട് പോവുകയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരികൾക്ക് പൂർണ്ണ സുരക്ഷിതത്വത്തോടെ കേരളത്തിൻറെ മനോഹാരിത ആസ്വദിക്കാം. ചാമ്പ്യൻസ് ബോട്ട് ലീഗ് ഉൾപ്പെടെ മുൻനിശ്ചയിക്കപ്പെട്ട ടൂറിസം പ്രവർത്തനങ്ങൾ തടസമില്ലാതെ തന്നെ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒറ്റപ്പെട്ട നിപാ വൈറസ് കേസുകൾ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിൽ സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണ വിധേയമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാ സുരക്ഷിതത്വ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളുടെ ഫലപ്രദമായ ഇടപെടൽ ശ്രദ്ധേയമാണ്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം സ്വന്തം ജില്ലയായ കോഴിക്കോട് ക്യാമ്പ് ചെയ്യുന്ന മന്ത്രി വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുമായും മേഖലയിലെ സംരംഭകരുമായും സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം സന്ദർശകർക്ക് സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാൻ എല്ലാ സാഹചര്യവും നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ വൈറസ് ബാധ തടയുന്നതിനായി പ്രാദേശികാടിസ്ഥാനത്തിൽ കണ്ടെയിൻമെൻറ് സോണുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മതിയായ ആരോഗ്യപ്രവർത്തകർക്കൊപ്പം ആവശ്യമായ അടിസ്ഥാന സൗകര്യവും ഒരുക്കി വൈറസ് പടരുന്നത് തടയാൻ ശക്തമായ എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്.

കേരളം എക്കാലവും വിനോദ സഞ്ചാരികളുടെ സുരക്ഷിത കേന്ദ്രമാണ്. മുൻകാലങ്ങളിലുണ്ടായ ആരോഗ്യ അടിയന്തരഘട്ടങ്ങളിലെല്ലാം സംസ്ഥാനത്തിൻറെ ശക്തമായ ആരോഗ്യമേഖല ഫലപ്രദമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. സന്ദർശകരുടെ സുരക്ഷ പരമപ്രധാനമായ കാര്യമാണ്. ഭയക്കേണ്ട യാതൊരു സാഹചര്യങ്ങളും നിലവിൽ സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.

2023 ൻറെ ആദ്യ പകുതിയിൽ കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിൽ 20.1 ശതമാനത്തിൻറെ സർവകാല വളർച്ചയാണ് കേരളം കൈവരിച്ചത്. പ്രളയം, കോവിഡ് എന്നിവയിൽ നിന്നും തിളക്കമാർന്ന തിരിച്ചുവരവാണ് കേരള ടൂറിസം നടത്തിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

Related posts

സര്‍ക്കാര്‍ വാഹനങ്ങൾക്ക്​ ഇനി പുതിയ നമ്പർ സീരീസ്​; പഴയ രജിസ്‌ട്രേഷനും മാറും

Aswathi Kottiyoor

അപേക്ഷ ക്ഷണിച്ചു.*

Aswathi Kottiyoor

ഹജ്ജ് തീര്‍ഥാടനം ഇന്നുമുതല്‍ ; ഇന്ത്യയിൽനിന്ന് 79,362 തീർഥാടകർ

Aswathi Kottiyoor
WordPress Image Lightbox