23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • എന്താണ് നിപ വൈറസ്? രോഗലക്ഷണങ്ങളും കാരണങ്ങളും പ്രതിരോധവും അറിയാം.
Uncategorized

എന്താണ് നിപ വൈറസ്? രോഗലക്ഷണങ്ങളും കാരണങ്ങളും പ്രതിരോധവും അറിയാം.

വീണ്ടും നിപ രോഗ ഭീതിയിലാണ് കേരളം. സാധാരണ വവ്വാലുകളിൽ കാണുന്ന വൈറസിൽ നിന്ന് പകർന്ന് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലിറ്റീസ് രോഗമാണ് ഉണ്ടാവുക. ചിലരിൽ ശ്വാസകോശത്തിലാണ് നിപ വൈറസ് മൂലമുള്ള രോഗബാധ ഉണ്ടാവുക. വവ്വാലുകളുടെ പ്രജനന സമയത്ത് സമയത്ത് വവ്വാലുകളിൽ നിന്ന് നേരിട്ടോ വവ്വാലുകളുമായി ബന്ധമുള്ള മറ്റു ജീവികളിൽ നിന്നോ സാധനങ്ങളിൽ നിന്നോ എല്ലാം മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ ഒക്കെ വൈറസ് എത്താം. വൈറസ് ബാധിച്ച മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗബാധയുണ്ടാകാം. ശ്വാസകോശത്തെ ബാധിക്കുന്ന പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവരിൽ നിന്നാണ് മനുഷ്യരിലേക്ക് നിപയുടെ ബാധയുണ്ടാകാൻ സാധ്യതയുള്ളത്. വവ്വാലുകൾക്കു പുറമേ പന്നികളിൽ നിന്നും മനുഷ്യരിലേക്ക് നിപ വൈറസ് പകരാനുള്ള സാധ്യതയേറെയാണ്.

രോഗബാധയുള്ള മനുഷ്യരിൽനിന്ന് വ്യക്തി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ അടുത്തിടപഴകുന്നതുവഴിയാണ് രോഗം പകരാൻ സാധ്യതയുള്ളത്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം എന്നിവ കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം. പനിയോടു കൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർഛിക്കുന്നത് അനുസരിച്ച് ഛർദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം എന്നിവയുണ്ടാകാം. ചിലരിൽ കാഴ്ചമങ്ങലുമുണ്ടാകാം.

എങ്ങനെ നിപയെ പ്രതിരോധിക്കാം എന്നതാണ് പ്രധാനം. പക്ഷികളുടെയും മൃഗങ്ങളുടെയും കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കരുത് എന്നതു തന്നെ പ്രധാനപ്പെട്ട മുൻകരുതൽ. തുറന്നതും അടച്ചുവയ്ക്കാത്തതുമായ പാത്രങ്ങളിൽ വച്ചിട്ടുള്ള പാനീയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കുക. കിണറുകളിലും മറ്റു ജലസ്രോതസുകളിലും വവ്വാലുകളുടെ മൂത്രം, കാഷ്ഠം എന്നിവ വീഴാനുള്ള സാധ്യത തടയുക. വളർത്തു മൃഗങ്ങളുടെ ശരീര സ്രവവങ്ങൾ, വിസർജ്യ വസ്തുക്കൾ എന്നിവയുടെ സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക എന്നിവയും പ്രധാനപ്പെട്ട കാര്യങ്ങളാണ്.

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ നാലു മുതൽ 21 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാക്കും. നിപ വൈറസ് ബാധിച്ചു രോഗാവസ്ഥയിലേക്ക് എത്തിയാൽ അതിവേഗമാണ് ആരോഗ്യം മോശമാവുക. രോഗം വന്ന് ഒന്നു രണ്ടു ദിവസത്തിനുള്ളിൽ തന്നെ രോഗി കോമാ അവസ്ഥയിലേക്ക് പോയേക്കാം. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം. രക്തം, മൂത്രം, തൊണ്ടയിൽനിന്നുള്ള സ്രവം, വേണ്ടിവന്നാൽ നട്ടെല്ലിൽ നിന്നുള്ള സ്രവം എന്നിവയാണ് പരിശോധനയ്ക്കായി അയക്കുക. വൈറോളജി ലബോറട്ടറികളിലാണ് പരിശോധന നടത്തുക. രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷൻ വാർഡിലാണ് പ്രവേശിപ്പിക്കേണ്ടത്. ഇതു സംബന്ധിച്ച് നിർദേശം ആശുപത്രികൾക്കു നൽകിയിട്ടുണ്ട്.

Related posts

ആലപ്പുഴയില്‍7 -ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവം; 3 അധ്യാപകർക്ക് സസ്പെൻഷൻ

Aswathi Kottiyoor

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകീട്ട് 4ന്

Aswathi Kottiyoor

‘സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല’; ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവർ ഏഴര ലക്ഷം

Aswathi Kottiyoor
WordPress Image Lightbox