മീൻപിടിത്ത വല ഉൽപാദനത്തിന് ആവശ്യമായ നൈലോൺ നൂൽ നിർമാണ ഫാക്ടറി യാഥാർഥ്യമാകുന്നു. അമ്പതിൽപ്പരം പേർക്ക് പ്രത്യക്ഷമായും നൂറിൽപ്പരം പേർക്ക് പരോക്ഷമായും തൊഴിലവസരം സൃഷ്ടിക്കുന്ന കേരളത്തിലെ ആദ്യ യാൺ ട്വിസ്റ്റിങ് യൂണിറ്റ് മത്സ്യഫെഡ് നേതൃത്വത്തിൽ ആലപ്പുഴ പുന്നപ്രയിലാണ് തുടങ്ങുന്നത്. ഫിഷറീസ് വകുപ്പിൽ നിന്നും 5.50 കോടി രൂപ വിനിയോഗിച്ചാണ് ഫാക്ടറി നിർമാണം. കുറഞ്ഞ നിരക്കിൽ മത്സ്യത്തൊഴിലാളികൾക്ക് വല ലഭ്യമാക്കാൻ ഉപകരിക്കുന്ന പദ്ധതിയിൽ നൂലിന്റെ ഗുണമേൻമ പരിശോധിക്കാൻ ക്വാളിറ്റി കൺട്രോൾ ലാബും സജ്ജമാക്കും.
മത്സ്യഫെഡിന്റെ തിരുവനന്തപുരം മുട്ടത്തറ, എറണാകുളം, കണ്ണൂർ ഫാക്ടറികളിൽ വല നിർമാണത്തിന് പ്രതിമാസം 90 ടൺ നൈലോൺ നൂലാണ് ആവശ്യം. താങ്ങുവല നിർമാണത്തിന് പ്രതിമാസം 50 ടൺ നൂലാണ് മത്സ്യഫെഡ് വലഫാക്ടറികൾക്ക് മാത്രം വേണ്ടത്. നിലവിൽ ദാമൻ ദിയു, ചെന്നൈ, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് നൂൽ വാങ്ങുന്നത്.
അത്യാധുനിക സങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഏഴ് ടിഎഫ്‌ഒ (ടു ഫോർ വൺ) മെഷീൻ ഉപയോഗിച്ചാകും യൂണിറ്റ് പ്രവർത്തിപ്പിക്കുക. പ്രതിമാസം 30 ടണ്ണാണ് ഉൽപാദന ശേഷി. രണ്ട് കോപ്‌സ് വൈൻഡർ സ്ഥാപിച്ച് ഒരു കിലോ പാക്കാക്കി ട്വിസ്‌റ്റിങ് മെഷീനിൽ ലോഡ്‌ചെയ്യും. ഇതിൽനിന്ന് രണ്ട് കിലോയുടെ പാക്കായാണ് പിരിച്ച നൂല് ലഭിക്കുക. ഇഴ കിലോ 220 രൂപയാണ് വില. നൂലിന് 300 രൂപയും. സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന നൈലോൺ വലകളിൽ നൂലിന്റെ ഗുണമേൻമ ഉറപ്പാക്കാനും വല കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനും യാൺ ട്വിസ്റ്റിങ് യൂണിറ്റ് ഉപകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.