23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പതിറ്റാണ്ടിനിടെ ആത്മഹത്യയിൽ 20 ശതമാനം വർധന , ജീവനൊടുക്കിയവരിൽ 
79 ശതമാനവും സ്‌ത്രീകൾ
Kerala

പതിറ്റാണ്ടിനിടെ ആത്മഹത്യയിൽ 20 ശതമാനം വർധന , ജീവനൊടുക്കിയവരിൽ 
79 ശതമാനവും സ്‌ത്രീകൾ

കോഴിക്കോട്‌
ഒരു പതിറ്റാണ്ടിനിടെ കേരളത്തിൽ ആത്മഹത്യകളിൽ 19.7 ശതമാനം വർധന. 2012ൽ 8490 പേർ ജീവനൊടുക്കിയപ്പോൾ 2022ൽ ഇത്‌ 10,162 ആയി. 2022ൽ ആത്മഹത്യചെയ്‌തവരിൽ 79 ശതമാനവും സ്‌ത്രീകളാണ്‌. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി ഉയരുന്നതായാണ്‌ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്ക്‌.

കോവിഡ്‌ പിടിമുറുക്കിയ രണ്ടുവർഷം ലോകസാഹചര്യത്തിന്‌ സമാനമായി കേരളത്തിലും ആത്മഹത്യ ഗണ്യമായി വർധിച്ചു. കോവിഡ്‌ വ്യാപനം തുടങ്ങിയ 2020ൽ 8497 പേർ ജീവനൊടുക്കി. 2021ൽ ഇത്‌ 9547 ആയും കഴിഞ്ഞ വർഷം 10,162 ആയും ഉയർന്നു. കോവിഡ്‌ സൃഷ്ടിച്ച മാനസിക സംഘർഷവും ഒറ്റപ്പെടലും സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും ഉൾപ്പെടെയുള്ളവ ആത്മഹത്യാ നിരക്കിനെ സ്വാധീനിച്ചതായാണ്‌ കണ്ടെത്തൽ. ജീവനൊടുക്കുന്നവരിൽ 56 ശതമാനവും 45 വയസ്സിന്‌ മുകളിലുള്ളവരാണ്‌. ഒറ്റപ്പെടൽ, സാമ്പത്തിക സ്വാശ്രയത്വമില്ലായ്‌മ, രോഗങ്ങൾ, കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടൽ എന്നിവയിലേക്കാണ്‌ ഇത്‌ വിരൽചൂണ്ടുന്നത്‌. 40 ശതമാനം ആത്മഹത്യ 15 വയസ്സിനും 45 വയസ്സിനും മധ്യേയാണ്‌. 2022ലെ ആത്മഹത്യകളിൽ 48 ശതമാനത്തിനും കാരണമായത്‌ കുടുംബവഴക്കാണ്‌. 17 ശതമാനം ആത്മഹത്യകൾ മാനസിക പ്രശ്‌നങ്ങളാലും 14 ശതമാനം ശാരീരിക പ്രശ്‌നങ്ങളാലുമാണ്‌. 78 ശതമാനം പേരും തൂങ്ങിമരണമാണ്‌ തെരഞ്ഞെടുത്തത്‌.

കഴിഞ്ഞ വർഷം നാല്‌ കുടുംബ ആത്മഹത്യകളുണ്ടായി. ഇതിൽ 11 പേരാണ്‌ ഉൾപ്പെട്ടത്‌. ജീവനൊടുക്കിയവരിൽ 88 ശതമാനം പേരും പ്ലസ്‌ടുവിൽ കുറഞ്ഞ വിദ്യാഭ്യാസം മാത്രമുള്ളവരാണ്‌. ബിരുദധാരികൾ, പ്രൊഫഷണൽ യോഗ്യതയുള്ളവർ എന്നിവരിൽ 7.5 ശതമാനം മാത്രമാണ്‌ ആത്മഹത്യചെയ്യുന്നത്‌‌.

തിരുവനന്തപുരം ജില്ലയാണ്‌ മുന്നിൽ. ഒരുലക്ഷത്തിൽ 44 പേർ മരണം വരിച്ചു. മലപ്പുറമാണ്‌ ഏറ്റവും പിന്നിൽ–- 11 പേർ. കേരളത്തിൽ ആത്മഹത്യക്കെതിരെയുള്ള ബോധവൽക്കരണത്തിനും മറ്റുമായി അഞ്ച്‌ സന്നദ്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. കൗൺസലിങ്ങിനായി പഞ്ചായത്തുകൾതോറും സൈക്കോളജിസ്‌റ്റുമാരുടെയോ സോഷ്യൽ വർക്കമാരുടെയോ സേവനം ഉറപ്പാക്കണമെന്ന്‌ കോഴിക്കോട്‌ തണൽ ആത്മഹത്യ പ്രതിരോധകേന്ദ്രം വൈസ്‌ ചെയർമാൻ ഡോ. പി എൻ സുരേഷ്‌കുമാർ പറഞ്ഞു.

Related posts

കര്‍ഷക കടാശ്വാസം: തുക അനുവദിച്ചു

Aswathi Kottiyoor

പോഷകാഹാര ലഭ്യതയിൽ കേരളത്തിന്റെ വളർച്ച 32.6 ശതമാനം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

കെല്ലി’ന്‌ 1.25 കോടിയുടെ വിദേശ ഓർഡർ

Aswathi Kottiyoor
WordPress Image Lightbox