കലാപത്തീ അണയാത്ത മണിപ്പുരിലെ 33 കുക്കി വിദ്യാർഥികൾക്ക് കേരളത്തിലെയും കർണാടകത്തിലെയും ഡോൺ ബോസ്‌കോ കോളേജുകളിൽ തുടർപഠനം. മൂന്നു വിദ്യാർഥികൾ അങ്ങാടിക്കടവിലും മുപ്പതുപേർ കർണാടകത്തിലെ ചിത്രദുർഗ, ബംഗളൂരു ഡോൺ ബോസ്കോ കോളേജുകളിലും തുടർപഠനത്തിന് ചേർന്നു.
മണിപ്പുർ ചാന്തൻ ജില്ലയിലെ റെജീന, മേഴ്‌സി, എസ്‌തേർ എന്നീ വിദ്യാർഥിനികളാണ് അങ്ങാടിക്കടവ് ഡോൺ ബോസ്കോയിൽ ഇംഗ്ലീഷ് ബിരുദ പഠനത്തിന് ചേർന്നത്.
ഇവരുടെ മുഴുവൻ ചെലവും വഹിക്കുന്നത് ഡോൺ ബോസ്കോ സഭയാണ്.
അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിന് നേരത്തെതന്നെ മണിപ്പുരുമായി പഠന ബന്ധമുണ്ട്. കണ്ണൂർ സർവകലാശാല കഴിഞ്ഞ വർഷത്തെ ജേർണലിസം പിജിയിൽ അഞ്ചാം റാങ്കും എംഎസ്‌സി കൗൺസിലിങ്ങിൽ മൂന്നാംറാങ്കും ഈ കോളേജിൽ പഠിച്ച മണിപ്പുരി വിദ്യാർഥികൾക്കായിരുന്നു. സർവകലാശാലയുടെ പാശ്ചാത്യസംഗീത ബാൻഡ് നയിച്ച മണിപ്പുരുകാരി രൂപൻ അങ്ങാടിക്കടവ് ഡോൺബോസ്‌കോ താരവുമായിരുന്നു. കലാപം തുടങ്ങിയശേഷം കുക്കി പെൺകുട്ടികൾ തുടർപഠനത്തിന് കേരളത്തിൽ ആദ്യമെത്തുന്നതും അങ്ങാടിക്കടവിലാണ്.
റെജീനയും മേഴ്‌സിയും ലാക അഭയാർഥി ക്യാമ്പിൽനിന്നാണ് എത്തിയത്. കസോക്കി ജില്ലയിലെ ടീ ഗൊജങ് വില്ലേജുകാരിയാണ് എസ്തേർ. മാസങ്ങൾ നീണ്ട അഭയാർഥിക്യാമ്പ് ജീവിതത്തിന്റെയും കലാപത്തിന്റെയും നടുക്കത്തിൽനിന്നാണ് ഇവരെത്തിയത്. ഗോഡൗൺ പോലുള്ള അഭയാർഥി ക്യാമ്പുകളിൽ ദുരിത ജീവിതമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.