കേരളത്തെ അനിമേഷൻ, വിഎഫ്‌എക്‌സ്, ഗെയിമിങ്, എക്‌സ്‌റ്റൻഡഡ് റിയാലിറ്റി (എവിജിസി–-എക്‌സ് ആർ) രംഗത്തെ ആഗോള ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന നയരേഖയുടെ കരടിന് പ്രാഥമിക രൂപമായി. ഈ രംഗത്തെ നൈപുണ്യവികസനവും തൊഴിൽസാധ്യതയും ലക്ഷ്യമിട്ട് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച ചർച്ചയിലാണ് കരടുനയം രൂപീകരിച്ചത്. ഒക്‌ടോബർ 30, 31 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ കരട് നയരേഖ പ്രകാശിപ്പിക്കുമെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആഗോളതലത്തിൽ അനിമേഷൻ രംഗത്തുണ്ടാകുന്ന നിക്ഷേപത്തിന്റെ ഒരുശതമാനംമാത്രമാണ് കേരളത്തിലുള്ളത്. 10 വർഷത്തിനുള്ളിൽ ഈ രംഗത്ത് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. അതിന്റെ 20 ശതമാനം കേരളത്തിന് ലഭ്യമാക്കാനും ഈ മേഖലയിലെ നൈപുണ്യം വികസിപ്പിക്കാനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ രണ്ടുലക്ഷത്തോളം വിദഗ്‌ധർമാത്രമാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്. അന്താരാഷ്ട പ്രൊഡക്‌ഷന്‍ ഹൗസുകളും അനിമേഷന്‍ വിഎഫ്എക്‌സ് കമ്പനികളും കേരളത്തില്‍ മുതല്‍മുടക്കാന്‍ ആഗ്രഹിക്കുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും ഷാജി എൻ കരുൺ പറഞ്ഞു.
അനിമേഷൻ മേഖലയിൽ പുറംകരാറുകൾമാത്രമാണ് രാജ്യത്ത് ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും അതിന് മാറ്റമുണ്ടാക്കാനാണ് സംസ്ഥാനതലത്തിൽ ഉൾപ്പെടെ നയരേഖ തയ്യാറാക്കി വൻകുതിപ്പിന് ഒരുങ്ങുന്നതെന്നും ഫിക്കിയുടെ എവിജിസി ഫോറം ചെയർമാൻ ആശിഷ് കുൽക്കർണി പറഞ്ഞു. ചർച്ചയിൽ അനിമേഷൻ, വിഎഫ്‌എക്‌സ്, ഗെയിമിങ്, എക്‌സ്‌റ്റൻഡഡ് റിയാലിറ്റി മേഖലയിലെ വിദഗ്‌ധരും വിവിധ സ്ഥാപന പ്രതിനിധികളും പങ്കെടുത്തു. കെഎസ്‌എഫ്‌ഡിസി എംഡി കെ വി അബ്ദുൾ മാലിക്, സി ഡിറ്റ് ഡയറക്ടർ ജി ജയരാജ്, ടൂണ്‍സ് മീഡിയ ഗ്രൂപ്പ് സിഇഒ പി ജയകുമാര്‍, ഫിക്കി ചീഫ് അസി. സെക്രട്ടറി ലീനാ ജയ്‌സാനി, സ്റ്റാര്‍ട്ടപ് മിഷന്‍ പ്രോഗ്രാം പ്രോജക്ടര്‍ കാര്‍ത്തിക് പരശുറാം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.