26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വൈദ്യുതി ക്ഷാമം : 
വില്ലനായത്‌ മഴക്കുറവും ഉയർന്ന വൈദ്യുത ആവശ്യകതയും
Kerala

വൈദ്യുതി ക്ഷാമം : 
വില്ലനായത്‌ മഴക്കുറവും ഉയർന്ന വൈദ്യുത ആവശ്യകതയും

സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് പ്രധാന കാരണം മഴക്കുറവും രാജ്യത്തെ ഉയർന്ന വൈദ്യുത ആവശ്യകതയും. കാലവർഷം അവസാനിക്കാൻ ഒരുമാസംമാത്രം ശേഷിക്കേ ഞായർ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 47 ശതമാനം മഴ കുറവാണ്‌.

ഇടുക്കി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിൽ 34 ശതമാനം വെള്ളമേയുള്ളൂ. 2016-ലാണ് ഇതിനുമുമ്പ് ഇത്ര മോശം സ്ഥിതിയുണ്ടായത്. കനത്ത മഴ പെയ്യാറുള്ള ആ​ഗസ്‌തിൽ പതിവിൽനിന്ന് വ്യത്യസ്തമായ പീക് അവറിലെ ഉപയോ​ഗവും വർധിച്ചു. സംസ്ഥാനത്തെ പ്രതിദിന വൈദ്യുത ഉപയോ​ഗം ശരാശരി 8.5 കോടി യൂണിറ്റ് വരെയാണ്. 4400 മെ​ഗാവാട്ടാണ് ഉയർന്ന ആവശ്യകതയുള്ള സമയത്തെ (പീക് സമയം) ഉപയോ​ഗം. ഇതിൽ 1.2 കോടിയിൽ താഴെ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമേ ഡാമുകളിലുള്ളൂ.യുഡിഎഫ്‌ ഭരണകാലത്ത്‌ ചട്ടം ലംഘിച്ച്‌ നടപ്പാക്കിയ നാല്‌ ദീർഘകാല കരാറുകൾ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയിരുന്നു. ഈ കരാറിൽനിന്ന്‌ ഡിസംബർവരെ താൽക്കാലികമായി വൈദ്യുതി വാങ്ങാൻ കേന്ദ്ര ട്രിബ്യൂണൽ അനുമതി നൽകിയെങ്കിലും കരാറുകാർ വൈദ്യുതി നൽകാൻ തയ്യാറല്ല. ‌ഈ സാഹചര്യത്തിൽ മൂന്ന് പുതിയ ഹ്രസ്വകാല കരാറുകളുണ്ടാക്കി വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചു. ഇതിൽ 500 മെ​ഗാവാട്ടിന്റെ പുതിയ കരാറിനുള്ള ടെൻഡർ തിങ്കളാഴ്ച തുറക്കും. 500, 200 മെ​ഗാവാട്ടിന്റെ മറ്റ് രണ്ട് കരാറുകളുടെ ടെൻഡറും പിന്നാലെ തുറക്കും. ഇതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഉപയോ​ഗം കുറയ്ക്കാം; ബില്ലിൽ ഇളവ് നേടാം
വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഉയർന്ന ആവശ്യകതയുള്ള സമയത്തെ (പീക് സമയം) ഉപയോ​ഗം കുറയ്ക്കണമെന്ന്‌ കെഎസ്ഇബി ഉപയോക്താക്കളോട് അഭ്യർഥിച്ചു. വൈകിട്ട് 6.30 മുതൽ 9.30 വരെയുള്ള സമയത്ത് ഉപയോ​ഗം കുറച്ചാൽ വൈദ്യുതി ബില്ലും വലിയ തോതിൽ കുറയ്ക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. കൂടുതൽ ഊർജക്ഷമതയുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചും ചില ചെറിയ കരുതലുകളിലൂടെയും വൈദ്യുതി ഉപയോ​ഗം വൻ തോതിൽ കുറയ്ക്കാനാകുമെന്ന് കെഎസ്ഇബി മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഡോ. ജി ശ്രീനിവാസൻ പറഞ്ഞു.

●ടങ്സ്റ്റൻ ബൾബുകൾക്കുപകരം എൽഇഡി ഉപയോഗിക്കുക. 100 വാട്ടിന്റെ ഒരു ടങ്സ്റ്റൻ ബൾബ് പത്തുമണിക്കൂർ കത്തുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതിയാവും. ഇതുകൊണ്ട്‌ പ്രകാശമേറിയ 9 വാട്ടിന്റെ 11 എൽഇഡി ബൾബുകൾ 10 മണിക്കൂർ കത്തിക്കാം.സീറോ വോൾട്ട് എന്ന പേരിൽ ലഭിക്കുന്ന അലങ്കാര ബൾബുകൾ ഒഴിവാക്കുക.

● അത്യാവശ്യമില്ലാത്തപ്പോൾ ലൈറ്റ്, ഫാൻ എന്നിവ ഓഫാക്കുക. ഫാനുകളിൽ സാധാരണ റെ​ഗുലേറ്ററിന് പകരം ഇലക്‌ട്രിക് റെഗുലേറ്ററുകൾ ഉപയോ​ഗിക്കുക. പ്രവർത്തിക്കുമ്പോൾ ഞെരക്കവും മൂളലുമുള്ള പഴയ ഫാനുകൾ അമിത വൈദ്യുതി ചെലവാക്കും.

● 6.30 മുതൽ 9.30 വരെ വെള്ളം പമ്പുചെയ്യുന്ന മോട്ടോർ, ഫ്രിഡ്‌ജ്‌, മിക്സി എന്നിവയുടെ ഉപയോഗം കുറയ്ക്കുക. 10 വർഷത്തിലേറെ പഴക്കമുള്ള ഫ്രിഡ്‌ജുകൾ ഇരട്ടി വൈദ്യുതി പാഴാക്കും. ഇടയ്ക്കിടയ്ക്ക് ഫ്രിഡ്‌ജ്‌ തുറക്കരുത്.

● ടിവി അനാവശ്യമായി ഓൺ ചെയ്യരുത്. ടിവി റിമോട്ടിൽമാത്രം ഓഫ് ചെയ്താലും വൈദ്യുതി പാഴാകും. സ്വിച്ച് ഓഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

●എസി വാങ്ങുമ്പോൾ മുറിയുടെ വലിപ്പം, ആൾക്കാരുടെ എണ്ണം എന്നിവ അനുസരിച്ചുള്ളത്‌ വാങ്ങാൻ ശ്രദ്ധിക്കുക.

● ദിവസവും ഇസ്തിരിയിടുന്നതിനുപകരം ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങൾ ഒരുമിച്ച് ഇസ്തിരിയിടാൻ ശ്രമിക്കുക.രാത്രി ഇസ്തിരിയിടാതിരിക്കുക

● വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഉപകരണങ്ങൾക്ക് വിവിധ സ്റ്റാറുകൾ നൽകിയിട്ടുണ്ട്.
ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ എന്നിങ്ങനെ. സ്റ്റാർ കൂടുമ്പോൾ ഉപയോഗം കുറയും.

Related posts

കണ്ണീർപ്പുഴ ; തൂവൽതീരം കണ്ണീർത്തീരമായി

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം: കോടതി വിധി ഇന്ന്

Aswathi Kottiyoor

ശാസ്ത്രീയ പാലിയേറ്റീവ് പരിചരണത്തിന് ‘അരികെ’ പരിശീലന സഹായി മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox