27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പോക്സോ: കുറ്റകൃത്യങ്ങളിലേറെയും നടന്നത് കുട്ടികളുടെ വീടുകളിൽ
Uncategorized

പോക്സോ: കുറ്റകൃത്യങ്ങളിലേറെയും നടന്നത് കുട്ടികളുടെ വീടുകളിൽ

തിരുവനന്തപുരം ∙ കേരളത്തിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത പോക്സോ കേസുകളിൽ ഭൂരിഭാഗം കുറ്റകൃത്യങ്ങളും നടന്നത് കുട്ടികളുടെ വീടുകളിൽ വച്ചാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ റിപ്പോർട്ട്. സ്കൂളുകൾ, വാഹനങ്ങൾ, മതസ്ഥാപനങ്ങൾ, ആശുപത്രികൾ, ശിശുസംരക്ഷണ സ്ഥാപനങ്ങൾ, സുഹൃത്തുക്കളുടെ വീടുകൾ എന്നിവിടങ്ങളിലും കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായി. പ്രതിപ്പട്ടികയിൽ ഉള്ള 908 പേർ കുട്ടികൾക്ക് തിരിച്ചറിയാവുന്നവർ ആണെന്നും 601 പേർ അയൽക്കാരും 170 പേർ അധ്യാപകരും ആണെന്നും കമ്മിഷന്റെ 2022–23 വാർഷിക റിപ്പോർട്ടിൽ പറയുന്നു. പ്രതിസ്ഥാനത്തുള്ള 801 പേർ കമിതാക്കളാണ്. അതിജീവിതരായ കുട്ടികളുടെ പട്ടികയിൽ ഭൂരിഭാഗവും പെൺകുട്ടികൾ. 15 മുതൽ 18 വയസ്സു വരെയുള്ളവരാണ് ഏറെയും. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 4,582 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,002 പേരാണ് പ്രതിപ്പട്ടികയിൽ. ഇവരിൽ 4,643 പേർ പുരുഷൻമാരും 115 പേർ സ്ത്രീകളുമാണ്.

കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത പോക്സോ കേസുകളിൽ 1004 എണ്ണത്തിലും കുറ്റകൃത്യം നടന്നത് കുട്ടികളുടെ വീടുകളിൽ വച്ചായിരുന്നു. 133 എണ്ണം സ്കൂളുകളിലും 102 എണ്ണം വാഹനങ്ങളിലും 99 എണ്ണം ഹോട്ടലുകളിലും 96 എണ്ണം സുഹൃത്തുക്കളുടെ വീടുകളിലും വച്ചാണ് നടന്നത്. മതസ്ഥാപനങ്ങളിൽ അറുപതും ആശുപത്രികളിൽ ഇരുപത്തിഒൻപതും
ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ പന്ത്രണ്ടും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ 4642 കുട്ടികളിൽ 55 പേർ 0–4 വരെ പ്രായമുള്ളവരാണ്. 367 പേർ 5–9 വയസ്സു വരെയുള്ളവരും.

∙ കേസുകൾ നാലിരട്ടി

പോക്സോ നിയമം(2012) പ്രാബല്യത്തിൽ വന്ന ശേഷം 10 വർഷത്തിനിടെ കേരളത്തിൽ കേസുകൾ നാലിരട്ടിയായി. ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണവും വർധിച്ചു. 2013ൽ 1002 കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2022ൽ ഇത് 4582 ആയി ഉയർന്നു. 

കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത പോക്സോ കേസുകളിൽ കൂടുതലും തിരുവനന്തപുരം ജില്ലയിലായിരുന്നു(583). മലപ്പുറം(555), എറണാകുളം(464)ജില്ലകൾ തൊട്ടു പിന്നിൽ. കുറവ് പത്തനംതിട്ടയിൽ(189). കുട്ടികൾക്ക് പോക്സോ നിയമം ബാലസൗഹൃദ നടപടികൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണവും സ്വയം പ്രതിരോധ പരിശീലനവും നൽകണം എന്നും കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. 

Related posts

കോവിഡ് കാലത്ത് ജോലി പോയി, ടെക്കി മോഷ്ടാവായി; ഒടുവിൽ പിടി വീണു

Aswathi Kottiyoor

പേരാവൂരിൽ നിർമാണ സാമഗ്രികൾ മോഷ്ടിച്ച ആൾ പൊലീസ് കസ്റ്റഡിയിൽ

Aswathi Kottiyoor

പുലിപ്പേടിയിൽ നാട്: പ്രതിസന്ധിയിലായി പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയും

Aswathi Kottiyoor
WordPress Image Lightbox