കേരളത്തിന്റെ ഓണച്ചിത്രമായി മലയാളികൾ നെഞ്ചേറ്റിയത് തമിഴ്‌സിനിമ ‘ജയിലർ’. ചരിത്രത്തിലാദ്യമായാണ് ഓണത്തിന് മലയാളസിനിമകളെ പിന്തള്ളി തമിഴ് സിനിമ കലക്ഷനിൽ മുന്നിലെത്തിയത്. താരപ്പൊലിമയൊന്നുമില്ലാതെ തിയറ്ററിലെത്തിയ ആർഡിഎക്‌സ് തൊട്ടുപിന്നിൽ പ്രദർശനവിജയം നേടിയപ്പോൾ, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘കിങ് ഓഫ് കൊത്ത’ മൂന്നാംസ്ഥാനത്തായി.
ഓണക്കാല കൊയ്‌ത്തിലായിരുന്നു തിയറ്ററുകളുടെ പ്രതീക്ഷ. ദുൽഖർ സൽമാൻ നായകനായ ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്‌ബജറ്റ് ചിത്രം പ്രതീക്ഷ കുന്നോളമാക്കി. എന്നാൽ, ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. ആദ്യ എട്ടുദിവസത്തിനുള്ളിൽ 50 കോടിക്കുമുകളിൽ കലക്‌ഷൻ നേടാനായെങ്കിലും മലയാളികളുടെ ഓണച്ചിത്രമാകാൻ കഴിഞ്ഞില്ല. ആദ്യദിന കലക്‌ഷൻ 5.75 കോടിയായിരുന്നു. 50 കോടിയോളമാണ് ‘കിങ് ഓഫ് കൊത്ത’യുടെ നിർമാണച്ചെലവ്.
ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ പ്രധാന വേഷമിട്ട ‘ആർഡിഎക്‌സ്’ അതിവേഗം പ്രേക്ഷകർ ഏറ്റെടുത്തു. 10 കോടിയോളം നിർമാണച്ചെലവുള്ള ചിത്രം വലിയ പ്രചാരണ കോലാഹലമില്ലാതെയാണ് തിയറ്ററിലെത്തിയത്. റിലീസ് ദിവസം 1.30 കോടി രൂപമാത്രമായിരുന്നു കലക്‌ഷൻ. എന്നാൽ, ആദ്യവാരം നേടിയത് 60 കോടിയോളം. കേരളത്തിൽനിന്നുമാത്രം 26 കോടി. നിവിൻ പോളി നായകനായ ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ പ്രതീക്ഷ സമ്മാനിച്ചെങ്കിലും തിയറ്ററുകളിൽ നിരാശപ്പെടുത്തി. ആദ്യവാരം 4.77 കോടിമാത്രമാണ് നേടിയത്.
രജനികാന്ത് നായകനായ ജയിലർ നേടിയ ബ്രഹ്മാണ്ഡവിജയത്തിനൊപ്പമായിരുന്നു കേരളത്തിന്റെ ഓണക്കാലം. ഓണക്കാലത്ത് ഇതരഭാഷാചിത്രങ്ങൾ കേരളത്തിൽ എത്താറുണ്ടെങ്കിലും ഒന്നാമതായി സാമ്പത്തികവിജയം നേടുന്നത് ഇതാദ്യം. റിലീസ് ദിവസത്തെ കലക്‌ഷനിൽ കിങ് ഓഫ് കൊത്തയെയും മറികടന്ന ജയിലർ 5.85 കോടി നേടി. ആദ്യവാരം പിന്നിട്ടപ്പോൾ 56.50 കോടിയായി.
കേരളത്തിലെ തിയറ്ററുകളുടെ ഓണക്കാലം ജയിലർ സിനിമയ്‌ക്കൊപ്പമായിരുന്നെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറഞ്ഞു. രണ്ടു മലയാള ഓണച്ചിത്രങ്ങൾക്കും ഒരാഴ്‌ചമുമ്പേ കേരളത്തിൽ റിലീസായ ജയിലർ, നിറഞ്ഞ സദസ്സിൽ തുടരുന്നു.