21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഓണവിപണിയിലും കുടുംബശ്രീ വിജയഗാഥ; 23 കോടിയുടെ വിൽപ്പന, അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്
Kerala

ഓണവിപണിയിലും കുടുംബശ്രീ വിജയഗാഥ; 23 കോടിയുടെ വിൽപ്പന, അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

ഓണവിപണിയിൽ വിജയഗാഥ തീർത്ത കുടുംബശ്രീയെ അഭിനന്ദിച്ച് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ 1087 ഓണച്ചന്തകളിലായി നടന്നത്. ഇത്‌ കഴിഞ്ഞ വർഷം 19 കോടിയായിരുന്നു, നാലുകോടിയുടെ വർദ്ധനവ്‌. എല്ലാ സിഡിഎസ് തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കുടുംബശ്രീ ഓണം വിപണന മേളകളൊരുക്കിയിരുന്നു. 3.25 കോടി രൂപയുടെ വിൽപ്പന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ മേളകൾ നടത്തിയത്‌ മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ്‌.

വിലക്കയറ്റം തടയാൻ സഹായിച്ച സർക്കാരിന്റെ വിപണി ഇടപെടലിൽ, കുടുംബശ്രീ ശ്രദ്ധേയമായ ഒരു പങ്ക്‌ വഹിച്ചതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കുടുംബശ്രീ ഓണച്ചന്തകള്‍ക്ക് മികച്ച പിന്തുണയാണ് നൽകിയത്. കുടുംബശ്രീയുടെ 20,990 സ്വയം സഹായക സംഘങ്ങളുടെയും 28,401 ചെറുകിട സംരംഭങ്ങളുടെയും ഉൽപ്പന്നങ്ങള്‍ മേളയിൽ വിൽപ്പന നടത്തി. കുടുംബശ്രീ കൃഷി നടത്തി ഉത്പാദിപ്പിച്ച പൂക്കളുടെ വിൽപ്പന ഇക്കുറി ഓണം മേളകളിലെ പ്രധാന ആകർഷണമായിരുന്നു. അടുത്ത ഓണത്തിന്‌ കൂടുതൽ വിപുലമായ പൂകൃഷി സംസ്ഥാനമെങ്ങും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം നാടെങ്ങും കുടുംബശ്രീയുടെ നേതൃത്വത്തിൽ വ്യാപകമായ പച്ചക്കറി കൃഷി നടത്താനുള്ള നടപടികളും ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. വിപണിയിലെ അവിഭാജ്യ സാന്നിധ്യമായി കുടുംബശ്രീയെ മാറ്റാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

പൂകൃഷിയുടെ കാര്യത്തിൽ കുടുംബശ്രീ ഉജ്വല നേട്ടമാണ് കൈവരിച്ചത്‌. സാധാരണഗതിയില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നാണ് ഓണത്തിന് പൂക്കളെത്തിയിരുന്നതെങ്കില്‍, ഇക്കുറി പൂവിപണിയില്‍ ശക്തമായ സാന്നിദ്ധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ 780 ഏക്കറിലാണ് ഇക്കുറി പൂകൃഷി നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 128 ഏക്കറിലായിരുന്നു. ഓണവിപണി മുന്നില്‍ കണ്ട് ആരംഭിച്ച കൃഷി കേരളമെമ്പാടും വലിയ വിജയം കണ്ടു. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ കൃഷിയിറക്കിയ തൃശൂര്‍ ജില്ലയാണ് ഒന്നാമതെത്തിയത്. കുടുംബശ്രീയുടെ ഓണം വിപണന മേളകളിലെല്ലാം പൂക്കൾ വിൽക്കുന്ന സ്റ്റാളുകളുണ്ടായിരുന്നു.

ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉല്‍പ്പന്നങ്ങളാണ് കുടുംബശ്രീ ഓരോ കേന്ദ്രത്തിലും ലഭ്യമാക്കിയത്. കുടുംബശ്രീ സൂക്ഷ്മ സംരംഭകരും സംഘകൃഷി സംഘങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ തോതിലാണ് ആവശ്യക്കാരെത്തിയത്. വിവിധ തരം ധാന്യപ്പൊടികള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയും മേളകളിലെത്തി. കലാപരിപാടികൾ, ഭക്ഷ്യമേള, മത്സരങ്ങൾ തുടങ്ങിയവയും മേളയോട്‌ അനുബന്ധിച്ച്‌ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയിയിരുന്നു. വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാതലത്തില്‍ ഒരു ലക്ഷം രൂപയും നഗര സിഡിഎസ് തലത്തില്‍ 15,000 രൂപയും ഗ്രാമപഞ്ചായത്ത്തലത്തില്‍ 12,000 രൂപയും കുടുംബശ്രീ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വരെ ഓണം വിപണന മേളകള്‍ക്ക് നൽകാനുള്ള അനുമതിയും നൽകിയിയിരുന്നു.

Related posts

കശുവണ്ടി കർഷകർക്ക് ഇടിത്തീയായി കാലംതെറ്റിയെത്തിയ മഴ

അതിജീവനത്തിന്റെ സ്‌ത്രീമുന്നേറ്റങ്ങളിലൂടെ

Aswathi Kottiyoor

പ്ലസ് വണ്ണില്‍ ഇംപ്രൂവ്‌മെന്റിന് അവസരം; ഉത്തരവിറക്കി

Aswathi Kottiyoor
WordPress Image Lightbox