സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡിങ്ങും പവർകട്ടുമില്ല. ഹ്രസ്വകാല, മധ്യകാല കരാറുകളിലൂടെ പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള മധ്യകാല കരാറിനു ബോർഡ് ടെൻഡർ വിളിച്ചിട്ടുണ്ട്. ന്യായമായ വിലയ്ക്കു മതിയായ വൈദ്യുതി ലഭിക്കുമോയെന്നു സെപ്റ്റംബർ 4ന് ഇതു തുറക്കുമ്പോൾ വ്യക്തമാകും.
റദ്ദാക്കിയ 465 മെഗാവാട്ടിന്റെ ദീർഘകാല കരാറുകളിൽനിന്നു തുടർന്നും വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയെങ്കിലും കമ്പനികൾ ഇതിനു തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചിൽനിന്നു കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങി കമ്മി നികത്തുകയാണ്. പുറത്തുനിന്നു വൈദ്യുതി ലഭിച്ചാലും വിലയാണു പ്രശ്നം. ഇതിന്റെ സാമ്പത്തികബാധ്യത ബോർഡിന് എത്രത്തോളം താങ്ങാനാകുമെന്നതു തലവേദനയാണ്. മഴ കുറഞ്ഞതിനാൽ സംസ്ഥാനത്ത് നിലവിൽ 500 മെഗാവാട്ട് വരെ കമ്മി ഉണ്ട്.